India News International News Technology Top News

സൂര്യനെ തൊട്ടറിയാൻ ഇന്ത്യ; ആദിത്യ എൽ1 വിക്ഷേപണം നാളെ‌, ഇന്ന് കൗണ്ട് ഡൗൺ ആരംഭിക്കും

ബെം​ഗളൂരു: ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എൽ1 വിക്ഷേപണം നാളെ. ഇന്ന് കൗണ്ട്ഡൗൺ ആരംഭിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിന്റെ രണ്ടാം വിക്ഷേപണത്തറയിൽ പേടകം തയ്യാറായതായി ഐഎസ്ആർഒ അറിയിച്ചു. രാവിലെ 11.50നാണ് വിക്ഷേപണം. ലോഞ്ച് റിഹേഴ്സൽ പൂർത്തിയായതായി ഐഎസ്ആർഒ ബുധനാഴ്ച അറിയിച്ചിരുന്നു. പിഎസ്എൽവി റോക്കറ്റാണ് പേ‍ടകത്തെ സൂര്യനടുത്തേക്ക് എത്തിക്കുക.

സൂര്യനെക്കുറിച്ചുള്ള ഇന്ത്യയുടെ ദീർഘകാല പഠനത്തിന്റെ തുടർച്ചയാണ് ആദിത്യ എൽ1 ദൗത്യം. പേടകത്തെ 15 ലക്ഷം കിലോമീറ്റർ ദൂരത്തിലുള്ള ല​ഗ്രാഞ്ജിയൻ പോയിന്റിലെത്തിച്ചാണ് സൂര്യനെ തുടർച്ചയായി വീക്ഷിക്കുക. ഹാലോ ഓർബിറ്റിൽ സ്ഥിതി ചെയ്യുന്ന ല​ഗ്രാഞ്ജിയൻ പോയിന്റിൽ നിന്ന് സൂര്യനെ തടസ്സങ്ങളില്ലാതെ നിരീക്ഷിക്കാം. മറ്റ് ​ഗ്രഹങ്ങളോ നക്ഷത്രങ്ങളോ ഒന്നും പേടകത്തിന് മുന്നിലൂടെ കടന്നു പോകില്ല. അവിടെ നിന്ന് വിവിധ പഠനങ്ങൾ നടത്താനാണ് ഇന്ത്യൻ ബഹിരാകാശ ​ഗവേഷണ സംഘടനയായ ഐഎസ്ആർഒ ഉദ്ദേശിക്കുന്നത്. അഞ്ച് വർഷവും 2 മാസവും നീണ്ടു നിൽ‌ക്കുന്നതാണ് ആദിത്യ എൽ‌1 ദൗത്യം.

ഭൗമോപരിതലത്തിലൂടെ സഞ്ചരിക്കുമ്പോൾ തരം​ഗങ്ങൾക്കുണ്ടാകുന്ന വ്യതിയാനം മറികടക്കാനാണ് 15 ലക്ഷം കിലോമീറ്റർ അകലെ പോയി പഠനം നടത്തുന്നത്. നാല് മാസം സമയമാണ് ല​ഗ്രാഞ്ചിയൻ പോയിന്റിലേക്കെത്താൻ എടുക്കുക. സൂര്യൻ വലിയ തോതിൽ ഊർജ്ജം പുറത്തുവിടുന്ന പ്രക്രിയയായ കോറാണൽ മാസ് ഇജക്ഷൻ, സൂര്യന് ചുറ്റുമുള്ള കാലാവസ്ഥ, സൂര്യന്റെ ബാഹ്യവലയമായ കൊറോണ എന്നിവയെക്കുറിച്ച് ദൗത്യം പഠിക്കും.ഏഴ് പേലോഡുകളാണ് ആദിത്യയിലുണ്ടാവുക. ഇതിൽ നാല് പേലോഡുകൾ സൂര്യനെ നേരിട്ടും മൂന്നെണ്ണം പേടകം സ്ഥിതി ചെയ്യുന്ന ഹാലോ ഓർബിറ്റിനെക്കുറിച്ചും പഠിക്കും.

വിസിബിൾ ലൈൻ എമിഷൻ കൊറോണോ​ഗ്രാഫ്, സോളാർ അൾട്രാവൈലറ്റ് ​ഇമേജിം​ഗ് ടെലെസ്കോപ്, സോളാർ ലോ എനർജി എക്സ്റേ സ്പെക്ട്രോമീറ്റർ, ഹൈ എനർജി എൽ1 ഓർബിറ്റിം​ഗ് എക്സ്റേ സ്പെക്ട്രോമീറ്റർ, ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പീരിമെന്റ്, പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ, മാ​ഗ്നെറ്റോമീറ്റർ എന്നിവയാണ് പേലോഡുകൾ. ഇവയെല്ലം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്തവയാണ് എന്ന പ്രത്യേകത കൂടി ദൗത്യത്തിനുണ്ട്. 368 കോടി രൂപയാണ് ദൗത്യത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്.

നിൽവിൽ സൂര്യനെ ചുറ്റുന്ന പേടകം അമേരിക്കൽ ബഹിരാകാശ ഏജൻസിയായ നാസയുടേതാണ്. സോളാർ പാർക്കർ പ്രോബ് എന്ന ഈ പേടകം വിക്ഷേപിച്ചത് 2018ലാണ്. പല തവണ ഈ പേടകം സൂര്യന് അടുത്തായി വന്നിരുന്നെങ്കിലും ഏറ്റവും അടുത്തെത്തുക 2025ഓടെയാകും. ഏകദേശം ഏഴ് ലക്ഷം കിലോമീറ്റർ വേ​ഗതയിലാണ് പേടകം സഞ്ചരിക്കുന്നത്. ഇത്തരം സൗരദൗത്യങ്ങളിലൂടെ സൂര്യനെ അടുത്തറിയാനാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. സൂര്യന്റെ ആയുസ്സ്, ചലനം, ഭൂമിയിലേക്ക് എത്താതെ പോകുന്ന തരം​ഗങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ഇത്തരം ദൗത്യങ്ങൾ ഉത്തരം കണ്ടെത്തിയേക്കാം.

Related Posts

Leave a Reply