തൃശൂരില്‍ നിന്ന് മത്സരിച്ച് വിജയിച്ച സുരേഷ് ഗോപി മൂന്നാം എന്‍ഡിഎ മന്ത്രിസഭയില്‍ മന്ത്രിയായേക്കുമെന്ന് സൂചന. ക്യാബിനറ്റ് റാങ്കോടെയോ സ്വതന്ത്ര ചുമതലയോടെയാ സുരേഷ് ഗോപി മന്ത്രിയാകുമെന്നാണ് വിവരം. സുരേഷ് ഗോപിയെ മന്ത്രിയാക്കാനുള്ള നിര്‍ദേശം കേന്ദ്ര നേതൃത്വത്തില്‍ നിന്നും ലഭിച്ചുവെന്നാണ് സൂചന. എന്‍ഡിഎ യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്.
ഡല്‍ഹിയില്‍ തുടരുന്ന എന്‍ഡിഎ യോഗം എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്രമോദിയെ തെരഞ്ഞെടുത്തു. നരേന്ദ്രമോദിയെ ഈ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരണത്തിലെ കിംഗ് മേക്കറുമാരായ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും പിന്തുണച്ചു. പ്രധാനമന്ത്രിയായി വീണ്ടും മോദിയുടെ പേര് രാജ്‌നാഥ് സിങ് നിര്‍ദേശിച്ചു. ഇതിനെ അമിത് ഷായും നിതിന്‍ ഗഡ്കരിയും പിന്തുണച്ചു.
രാജീവ് ചന്ദ്രശേഖറും മൂന്നാം എന്‍ഡിഎ മന്ത്രിസഭയില്‍ അംഗമായേക്കും. അമിത് ഷാ, കെ അണ്ണാമലൈ, എസ് ജയ്ശങ്കര്‍, നിതിന്‍ ഗഡ്കരി, രാജ്‌നാഥ് സിങ്, ജെ പി നദ്ദ, മനോഹര്‍ ലാല്‍ ഖട്ടാര്‍ എന്നിവരും മന്ത്രിയായേക്കുമെന്നാണ് സൂചന. ഞായറാഴ്ചയാണ് മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുക.