കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയ കേസില്‍ മാധ്യമപ്രവര്‍ത്തക പൊലീസിന് മൊഴി നല്‍കി. നടക്കാവ് പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. മൊഴിയെടുപ്പ് ഒരു മണിക്കൂര്‍ നീണ്ടുനിന്നു. സുരേഷ് ഗോപിക്കെതിരായ പരാതിയിലെ കാര്യങ്ങള്‍ മൊഴിയില്‍ ആവര്‍ത്തിച്ചു. സംഭവം നടന്ന കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ എത്തി പൊലീസ് മഹസര്‍ തയ്യാറാക്കി. താമരശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. മോശമായി പെരുമാറിയ സംഭവത്തില്‍ സുരേഷ് ഗോപിക്കെതിരെ കഴിഞ്ഞ ദിവസമാണ് മാധ്യമപ്രവര്‍ത്തക പൊലീസില്‍ പരാതി നല്‍കിയത്. ഫേസ്ബുക്കിലെ മാപ്പപേക്ഷ കണ്ടു. തനിക്ക് തെറ്റായി തോന്നിയെങ്കില്‍ മാപ്പ് എന്നാണ് സുരേഷ് ഗോപി പറയുന്നത്. ചെയ്തത് തെറ്റാണെന്ന് സുരേഷ് ഗോപിക്ക് മനസിലാവുന്നില്ലെന്നും മാധ്യമ പ്രവര്‍ത്തക പറഞ്ഞിരുന്നു. 354 എ വകുപ്പ് ചുമത്തി നടക്കാവ് പൊലീസാണ് കേസെടുത്തത്.