India News Kerala News

സുപ്രീംകോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ് അസോസിയേഷൻ തലപ്പത്ത്‌ മലയാളികൾ

ന്യൂഡൽഹി: സുപ്രീംകോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ് അസോസിയേഷൻ തലപ്പത്ത്‌ മലയാളികൾ. പ്രസിഡന്റായി വിപിൻ നായരെയും ട്രഷററായി അൽജോ കെ ജോസഫിനെയും തിരഞ്ഞെടുത്തു. അമിത് മിശ്രയാണ് ഉപാധ്യക്ഷൻ. നിഖിൽ ജെയിനാണ് സെക്രട്ടറി. എതിർസ്ഥാനാർത്ഥിയായിരുന്ന ദേവ്റാത്തിനെ 88 വോട്ടുകൾക്കാണ് വിപിൻ നായർ പരാജയപ്പെടുത്തിയത്. കേരള സർക്കാരിന്റെ മുൻ അഡ്വക്കേറ്റ് ഓൺ റെക്കോർഡായിരുന്നു വിപിൻ നായർ. കേരള പിഎസ്സിയുടെ നിലവിലെ സ്റ്റാന്റിങ് കോൺസലുമാണ്.

ഡൽഹി കാമ്പസ് ലോ സെന്ററിൽനിന്ന് നിയമബിരുദം കരസ്ഥമാക്കിയ വിപിൻ നായർ 2000 മുതൽ സുപ്രീം കോടതി അഡ്വക്കേറ്റ് ഓൺ റെക്കോർഡാണ്. പ്രസിദ്ധമായ നാഷണൽ ജുഡീഷ്യൽ അപ്പോയ്ന്റ്മെന്റ് കമ്മിഷൻ കേസിൽ സീനിയർ അഭിഭാഷകൻ ഫാലി നരിമാന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്നു. പ്രമുഖ അഭിഭാഷകൻ കെഎംകെ നായരുടെ മകനാണ്. കേശവാനന്ദ ഭാരതി കേസിൽ കേരള സർക്കാരിന്റെ വേണ്ടി ഭരണഘടനാ വിദ​ഗ്ധൻ എച്ച്എം സീർവായിയെ ബ്രീഫ് ചെയ്തിരുന്നത് കെഎംകെ നായർ ആയിരുന്നു. അമ്മ സാവിത്രി. തലശേരി സ്വദേശിയായ വിപിൻ നായരുടെ ഭാര്യ ഫ്രഞ്ച് എംബസിയിലെ അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ് പ്രിയയാണ്. മക്കൾ ഹരി, ശ്രീയ.

ഇടുക്കി ജില്ലയിലെ കുഞ്ചിത്തണ്ണി സ്വദേശിയാണ് ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട അൽജോ ജോസഫ്. മംഗലാപുരം എസ്ഡിഎം ലോ കോളേജിൽ നിന്ന് എൽഎൽബിയും ഒപി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റി സോണിപത്തിൽനിന്ന് ഇന്റർനാഷണൽ ടാക്സിൽ എൽഎൽഎമ്മും പൂർത്തിയാക്കി. അടിമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും തൊടുപുഴ ജില്ലാ കോടതിയിലുമായിരുന്നു പ്രാക്ടീസ് ആരംഭിച്ചത്. സുപ്രീം കോടതി പ്രാക്ടീസ് ആരംഭിച്ച ശേഷം ഇപ്പോഴത്തെ അറ്റോണി ജനറൽ ആർ വെങ്കിട്ടരമണിയുടെ ജൂനിയറായി ദീർഘകാലം പ്രവർത്തിച്ചു. കോലത്ത് ജോസഫ് മാത്യു-അൽഫോൻസാ ജോസഫ് ദമ്പതികളുടെ മകനാണ്.

Related Posts

Leave a Reply