Kerala News

സിപിഒ നിയമനം വേഗത്തിലാക്കാൻ നവ കേരള സദസിൽ പരാതി; പോയത് ലൈഫ് മിഷനിലേക്ക്, ഉദ്യോഗാര്‍ത്ഥികൾക്ക് അമ്പരപ്പ്

തിരുവനന്തപുരം: പൊലീസിൽ പിഎസ്‌സി നിയമനം വേഗത്തിലാക്കണം എന്നാവശ്യപ്പെട്ട് സിവിൽ പൊലിസ് റാങ്ക് പട്ടികയിലുള്ളവർ നവകേരള സദസ്സിന് നൽകിയ പരാതി കൈമാറിയത് ലൈഫ് മിഷനും തൊഴിൽ വകുപ്പിനും, സൈനിക ക്ഷേമ വകുപ്പിനും. പരാതിയുടെ പുരോഗതി അറിയാൻ ഉദ്യോഗാർത്ഥി വിളിച്ചപ്പോൾ പരാതി കിട്ടിയ വിവരം പോലും ഈ വകുപ്പുകള്‍ക്കില്ല. ഏഴ് ബറ്റാലയിനുകളിലേക്കുള്ള പൊലിസ് നിയമന പട്ടികക്കുള്ള കാലാവധി തീരാൻ ഇനി മൂന്നു മാസം മാത്രമാണ് ബാക്കിയുള്ളത്.

ഒഴിവുകൾ വേഗത്തിൽ റിപ്പോർട്ട് ചെയ്ത് പട്ടികയിൽ ബാക്കിയുള്ളവർക്ക് കൂടി നിയമനം നൽകണം എന്നാവശ്യപ്പെട്ടാണ് സിവിൽ പൊലിസ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷൻ കാസർകോട് മുതൽ നവകേരള സദസ്സിൽ പരാതികള്‍ നൽകിയത്. തിരുവനന്തപുരത്തെ വിവിധ സദസ്സുകളിൽ പരാതി നൽകിയവർക്ക് ലഭിച്ച മറുപടിയാണ് ഉദ്യോഗാർത്ഥികളെ ഞെട്ടിച്ചത്. പൊതുഭരണവകുപ്പിനോ- ആഭ്യന്തരവകുപ്പിനോ ആണ് ഉദ്യോഗാർത്ഥികളുടെ പരാതികള്‍ കൈമാറി നടപടി സ്വീകരിക്കേണ്ടത്. എന്നാൽ പരാതികള്‍ നൽകിയത് സൈനിക ക്ഷേമ വകുപ്പിനും തൊഴിൽ വകുപ്പിനും പിന്നെ ലൈഫ് മിഷനുമായിരുന്നു.

സന്ദേശം ലഭിച്ച ഉദ്യോഗാർത്ഥികള്‍ ലേബർ ഓഫീസിലേക്ക് വിളിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറി. കൊട്ടാരക്കരയില്‍ ഡോ വന്ദനാ ദാസിന്റെ കൊലപാകത്തിന് ശേഷം ആശുപത്രികളിൽ എയ്‌ഡ് പോസ്റ്റ് തുടങ്ങാൻ പുതിയ തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചിരുന്നു. ഈ തീരുമാനം ചൂണ്ടികാട്ടി നൽകിയ പരാതികള്‍ ആരോഗ്യ വകുപ്പിലേക്കാണ് പോയത്. കണ്ണൂരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സ സഹായം ആവശ്യപ്പെട്ട് നൽകിയ പരാതികള്‍ കൈമാറിയത് കണ്ണൂർ നഗരസഭയിലേക്കായിരുന്നു. ഓഫീസുകൾ കയറി മടുത്ത ഉദ്യോഗാർത്ഥികൾ ഒരു ആശ്രയമെന്ന നിലയിലാണ് നവ കേരള സദസിനെ സമീപിച്ചത്.

Related Posts

Leave a Reply