തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും. മലപ്പുറം, തൃശൂർ, തിരുവനന്തപുരം ജില്ലകളിലും കോഴിക്കോട് മാതൃകയിൽ പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിക്കാൻ ആണ് സംസ്ഥാന കമ്മിറ്റി തീരുമാനം. നവംബർ 11 ന് ശേഷം നവകേരള സദസ്സിന് മുൻപ് ഐക്യദാർഢ്യ പരിപാടികൾ പൂർത്തിയാക്കാനാണു ആലോചന.നവ കേരള സദസ്സിൻ്റെ സംഘടനത്തെ ബാധിക്കുന്നതിനാൽ ആണ് മറ്റ് വടക്കൻ ജില്ലകളിൽ പരിപാടി സംഘടിപ്പിക്കാത്തത് എന്നാണ് വിവരം. തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുത്തേക്കും. റാലിയിലൂടെ പലസ്തീൻ വിഷയത്തിൽ കോൺഗ്രസിന്റെ നയമില്ലായ്മ തുറന്നുകാട്ടണമെന്നണ് സിപിഐഎമ്മിലെ അഭിപ്രായം. ഒപ്പം ഇതിൽ ലീഗ് അണികളിലെ അതൃപ്തി മുതലെടുക്കണമെന്നും സിപിഐഎം ലക്ഷ്യമിടുന്നു.
തൃശൂരിൽ 15ന് പരിപാടി നടത്താനാണ് സിപിഐഎം ആലോചിക്കുന്നത്. കോഴിക്കോട് മാതൃകയിൽ ജില്ലയിൽ സംഘാടക സമിതി രൂപീകരിക്കും. ഒപ്പം തൃശൂരിൽ ലീഗ് ജില്ലാ നേതൃത്വത്തെ ക്ഷണിക്കുകയും ചെയ്യും.
കോഴിക്കോട് സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്കുള്ള ക്ഷണം മുസ്ലിം ലീഗ് നേതൃത്വം തള്ളിയിരുന്നു. കോൺഗ്രസിന്റെ നിലപാടിനെതിരെ പ്രവർത്തിക്കേണ്ടെന്നാണ് നിലവിലെ തീരുമാനമെന്നാണ് വിവരം.