സിപിഐഎം മാലയിട്ട് സ്വീകരിച്ചത് തെറ്റുചെയ്തതിന് ബിജെപി മാറ്റി നിർത്തിയയാളെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഹരിശ്ചന്ദ്രനെ സ്വീകരിക്കുന്നപോലെയാണ് സിപിഐഎം സ്വീകരിച്ചത്. സിപിഐഎം ഇപ്പോഴും സ്വീകരിക്കുന്നത് കൊടും ക്രിമിനലുകളെയെന്ന് സുരേന്ദ്രൻ വ്യക്തമാക്കി.
അതേസമയം സിപിഎം സ്വീകരണം നല്‍കിയ കാപ്പാ കേസ് പ്രതി ശരണ്‍ ചന്ദ്രന്‍റെ കാപ്പാ കാലാവധി കഴിഞ്ഞതാണെന്ന സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിന്‍റെ വാദം തള്ളി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി. ശരണ്‍ ചന്ദ്രൻ ഇപ്പോഴും കാപ്പാ കേസ് പ്രതി തന്നെയാണെന്നും കാപ്പാ കേസ് നിലവിലുണ്ടെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
കാപ്പാ കേസ് പ്രതിയ്ക്ക് സ്വീകരണം നല്‍കിയ സംഭവത്തില്‍ വിശദീകരണവുമായി മന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തി. ആയിരക്കണക്കിന് ആളുകളാണ് പാര്‍ട്ടിയിലേക്ക് വരുന്നത്. പത്തനംതിട്ടയില്‍ കാപ്പ പ്രതി പാര്‍ട്ടിയിലേക്ക് വന്നത് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലാണ്. ബിജെപിയിലും ആര്‍എസ്എസിലും പ്രവര്‍ത്തിച്ചവരാണ് പാര്‍ട്ടിയിലേക്ക് വന്നത്.
വിശദമായ മറുപടി ഇക്കാര്യത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പറഞ്ഞിട്ടുണ്ട്.ഒരു ആശങ്കക്കും അടിസ്ഥാനമില്ല. സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം വളരെ വ്യക്തമായിട്ടുള്ള കാര്യമാണിത്. മുമ്പ് തെറ്റായ രാഷ്ട്രീയവും രീതികളും പിന്തുടര്‍ന്നവര്‍, അത് ഉപേക്ഷിച്ചുകൊണ്ടാണ് പാര്‍ട്ടിയിലേക്ക് വന്നത്. അതുകൊണ്ടാണ് അവര്‍ ചെങ്കൊടി ഏന്താൻ തയ്യാറായി വന്നതെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.