സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. പൊതുസമ്മേളനം ഇല്ലാത്തത് കൊണ്ടാണ് മുഖ്യമന്ത്രി പരിപാടി റദ്ദാക്കിയത്. നാളെ ഉച്ചയ്ക്ക് ശേഷം കൊല്ലം സമ്മേളനത്തിൽ എത്തിച്ചേരാനായിരുന്നു മുഖ്യമന്ത്രിയുടെ മുൻപരിപാടി. അതേസമയം കരുനാഗപ്പളളിയിലെ പ്രശ്നങ്ങളിൽ സിപിഐഎം ജില്ലാ നേതൃത്വത്തിന് വിമർശനം. ജില്ലാ സമ്മേളനത്തിലെ പൊതുചർച്ചയിലാണ് വിമർശനം.
പ്രശ്നങ്ങൾ രൂക്ഷമാക്കിയതിൽ ജില്ലാ നേതൃത്വത്തിനും പങ്കുണ്ടെന്ന് പ്രതിനിധികൾ. റിപ്പോർട്ടിൽ എത്ര പേജ് എഴുതിവെച്ചാലും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാൻ ജില്ലാ നേതൃത്വത്തിന് ആകില്ല. നേതാക്കളെ പൂട്ടിയിടുന്നത് ആരുടെയെങ്കിലും പിന്തുണയില്ലാതെ നടക്കുമോയെന്ന് പ്രതിനിധികൾ ചോദിച്ചു. പാർട്ടി ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തിയവർക്കെതിരെ നടപടി
കൊട്ടാരക്കര ഏരിയയിൽ നിന്നുളള പ്രതിനിധിയാണ് ഈ ചോദ്യം ഉന്നയിച്ചത്. പുനലൂർ, കൊല്ലം ഈസ്റ്റ്, കുണ്ടറ, ഏരിയകളിൽ നിന്നുള്ള പ്രതിനിധികളും ജില്ലാ സമ്മേളനത്തിലെ പൊതുചർച്ചയിൽ വിഷയം ഉന്നയിച്ചു. കഴിഞ്ഞമാസമാണ് കരുനാഗപ്പള്ളി സിപിഐഎം കുലശേഖരപുരം ലോക്കൽ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സോമപ്രസാദ്, കെ രാജഗോപാൽ എന്നിവരെ പൂട്ടിയിട്ടത്. നേരത്തെ കുലശേഖഖരപുരത്തെ ലോക്കൽ സമ്മേളനം സംസ്ഥാന നേതൃത്വം നിർത്തിവെച്ചിരുന്നു. പിന്നീട് തീയതി പുനഃക്രമീകരിച്ച് ഇന്നലെ സമ്മേളനം നടത്താൻ തീരുമാനമായത്. ഇതിനിടെയാണ് നാടകീയ സംഭവങ്ങൾ നടന്നത്. പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന സാഹചര്യം വരെ ഉണ്ടായി.