സിനിമ റിവ്യൂവുമായി ബന്ധപ്പെട്ട ഹർജിയിൽ ഫെഫ്കെ ഇന്ന് നിർണായക യോഗം ചേരും. രാവിലെ കൊച്ചിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഹാളിലാണ് യോഗം. പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സിനിമ സംഘടനകളും സംയുക്തമായി ചേർന്നുള്ള യോഗത്തിൽ സിനിമ റിവ്യൂവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുക. നേരത്തെ സിനിമ റിവ്യൂമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതിയുടെയും, സർക്കാരിന്റെയും ഇടപെടൽ ഫെഫ്ക സ്വാഗതം ചെയ്തിരുന്നു.
തീയറ്ററുകളിലുള്ള സിനിമകളെ മോശമാക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയിൽ ആദ്യ കേസെടുത്തതിന് പിന്നാലെ ഹൈക്കോടതിയോട് നന്ദി പറഞ്ഞ് നിർമാതാക്കൾ രംഗത്തുവന്നിരുന്നു. സിനിമ റിവ്യൂ ബോംബിങ് പശ്ചാത്തലത്തിൽ സിനിമ പ്രമോഷന് ഉൾപ്പെടെ പ്രോട്ടോക്കോൾ കൊണ്ടുവരുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. സിനിമ പി.ആർ.ഒമാർക്ക് അടക്കം അക്രഡിറ്റേഷൻ കൊണ്ടുവരാനാണ് ആലോചന.
റിവ്യൂ എന്ന പേരിൽ തീയറ്റർ പരിസരത്തുനിന്ന് സംസാരിക്കാൻ ആരെയും അനുവദിക്കില്ലെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. തോന്നിയത് പോലെ റിവ്യു നടത്തുന്നവർ സിനിമ വ്യവസായത്തെ തകർക്കുന്നുവെന്ന് നിർമാതാവ് ജി.സുരേഷ് കുമാർ പറഞ്ഞു.
ഭാര്യയുടെ കെട്ടുതാലി പണയം വച്ചുവരെ സിനിമ എടുത്തവർ ഉണ്ട്. എന്ത് തോന്നിവാസവും വിളിച്ചു പറയണമെങ്കിൽ വേറെ വല്ല പണിക്കും പോയാൽ പോരെ എന്നും ജി.സുരേഷ് കുമാർ ചോദിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം എന്നാൽ തോന്നിവാസം പറയലാണോ എന്നും സുരേഷ് കുമാർ ചോദിച്ചു.
ഒക്ടോബർ 25നാണ് സിനിമ റിവ്യൂ ചെയ്തവർക്കെതിരെ ആദ്യ കേസ് രജിസ്റ്റർ ചെയ്ത്. റാഹേൽ മകൻ കോര എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയിൽ ആയിരുന്നു കേസ്. സമൂഹമാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു എന്നായിരുന്നു പരാതി.
നെഗറ്റിവ് റിവ്യൂ നൽകി സിനിമകളെക്കുറിച്ച് മോശം അഭിപ്രായമുണ്ടാക്കിയെന്ന കേസിൽ അശ്വന്ത് കോക്ക് ഉൾപ്പെടെ അഞ്ച് യൂട്യൂബ് ചാനൽ അക്കൗണ്ടുകളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. സൈബർ സെൽ സഹായത്തോടെ ഉള്ളടക്ക പരിശോധന നടത്തനാണ് തീരുമാനം. സ്‌നേക്ക് പ്ലാന്റ്, അശ്വന്ത് കോക്ക്, അരുൺ തരംഗ, ട്രാവലിങ് സോൾ മേറ്റ്‌സ് എന്നിവർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് കൊച്ചി സിറ്റി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.