കോഴിക്കോട്∙ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കോഴിക്കോട് കാരപ്പറമ്പിലുള്ള ഫ്ലാറ്റിൽ കൂട്ടിക്കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവതിയുടെ സുഹൃത്ത് അറസ്റ്റിൽ. കണ്ണൂർ മുണ്ടയാട് സ്വദേശിയായ അഫ്സീന (29)യെയാണ് കോഴിക്കോട് ടൗൺ പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ ബിജുരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കണ്ണൂരിൽ ജോലിചെയ്തിരുന്ന കോട്ടയം സ്വദേശിയായ യുവതിയാണ് പീഡനത്തിനിരയായത്. യുവതിയുമായി സൗഹൃദത്തിലായതിനുശേഷം അഫ്സീന സുഹൃത്ത് ഷമീറിന്റെ സഹായത്തോടെ യുവതിയെ ഫ്ലാറ്റിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതിനൽകുമെന്നു പറഞ്ഞു യുവതിയെ പീഡിപ്പിച്ചവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അഫ്സീനയും ഷമീറും തന്നെയാണു പരാതിക്കാരിയെയും കൊണ്ട് നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഫ്സീന പിടിയിലായത്.