പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർഥി സിദ്ധാർത്ഥിന്റെ ദൗർഭാഗ്യകരമായ മരണം നാടിനെയാകെ ദുഃഖത്തിൽ ആഴ്ത്തിയതാണെന്ന് മുഖ്യമന്ത്രി. സിദ്ധാർത്ഥിൻ്റെ പിതാവും ബന്ധുക്കളും ഇന്ന് ഓഫീസിലെത്തി കണ്ടിരുന്നു. പൊലീസ് അന്വേഷണം നടന്നു വരികയാണ്. കുറ്റമറ്റതും നീതിപൂർവ്വകവുമായ അന്വേഷണത്തിലൂടെ എല്ലാ പ്രതികളെയും ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും കുടുംബം ഈ കേസ് സിബിഐക്ക് വിടണം എന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതു സംബന്ധിച്ച നിവേദനം സിദ്ധാർത്ഥിന്റെ മാതാവ് നൽകിയിട്ടുണ്ട്. കുടുംബത്തിൻ്റെ വികാരം മാനിച്ച് കേസ് അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധാർത്ഥിന്റെ കുടുംബത്തെ അറിയിച്ചുവെന്നും മുഖ്യമന്ത്രി വാർത്താ കുറിപ്പിൽ അറിയിച്ചു.