Kerala News

സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ നടപടി നേരിട്ട ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച് ഗവര്‍ണര്‍

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ നടപടി നേരിട്ട ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള സര്‍വകലാശാല ഭരണസമിതിയുടെ തീരുമാനമാണ് ഗവര്‍ണര്‍ സ്റ്റേ ചെയ്തത്. വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർക്ക് ഗവർണർ നോട്ടീസ് നൽകി. സിദ്ധാർത്ഥൻറെ കുടുംബം ഇന്ന് ഗവർണർക്ക് പരാതി നൽകിയിരുന്നു.

ഇരുവർക്കും വീഴ്ച പറ്റിയെന്നായിരുന്നു ചാൻസിലർ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയത്.ഇത് മറികടന്നാണ് ഡീനിനെയും അസി. വാർഡനെയും തിരിച്ചെടുക്കാൻ മാനേജിങ് കൗൺസിൽ നീക്കം നടത്തിയത്. ഇതേതുടര്‍ന്ന് ഭരണസമിതി യോഗത്തിന്‍റെ മിനിറ്റ്സ് ഗവർണർ മരവിപ്പിച്ചു. ഇതോടെ ഇരുവരും സസ്പെൻഷനിൽ തുടരും.

മുൻ ഡീൻ എം.കെ.നാരായണൻ,മുൻ അസി. വാഡൻ ഡോ.കാന്തനാഥൻ എന്നിവരെ തിരിച്ചെടുത്ത് കോളേജ് ഓഫ് എവിയൻ സയൻസ് ആൻഡ് മാനേജ്മെൻ്റിൽ നിയമിക്കാനായിരുന്നു മാനേജിംഗ് കൗൺസിലിന്‍റെ തീരുമാനം. സിദ്ധാർത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള സിബിഐയുടെ അന്വേഷണം പോലും സ്വാധീനിക്കപ്പെട്ടതായി ആക്ഷേപം നിലനിൽക്കെയാണ് ഇപ്പോൾ ഉദ്യോഗസ്ഥന്മാരെ തിരിച്ചെടുക്കാനുള്ള യൂണിവേഴ്സിറ്റിയുടെ തീരുമാനം.

എന്നാൽ വെറ്ററിനറി യൂണിവേഴ്സിറ്റി ഭരണസമിതിയുടെ തീരുമാനം അക്കാദമി സമൂഹത്തിന് തെറ്റായ സന്ദേശമാകും നൽകുക എന്നും, ഇത്തരം സംഭവങ്ങൾ ഭൂരിപക്ഷ വോട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കേണ്ടതല്ലെന്നും, യൂണിവേഴ്സിറ്റിയുടെ തീരുമാനം തടഞ്ഞ് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുവാൻ നിർദ്ദേശം നൽകണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.

Related Posts

Leave a Reply