Kerala News

സിഐഎസ്എഫ് ഉദ്യോഗസ്ഥനെ തല്ലിയ സ്‌പൈസ് ജെറ്റ് ജീവനക്കാരി അറസ്റ്റിൽ

ന്യൂഡൽഹി: ജയ്പൂർ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടറെ തല്ലിയ സ്‌പൈസ് ജെറ്റ് ജീവനക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വ്യാഴാഴ്ച്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം. മറ്റ് സ്റ്റാഫ് അംഗങ്ങൾക്കൊപ്പം വിമാനത്താവളത്തിലേക്ക് പ്രവേശിച്ച ജീവനക്കാരി അനുരാധ, അനുമതിയില്ലാത്ത ഗേറ്റിലൂടെ ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചതാണ് തർക്കത്തിന് കാരണമായത് എന്നാണ് പൊലീസ് പറയുന്നത്. സുരക്ഷയുടെ ഭാഗമായി തടഞ്ഞ അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടർ ഗിരിരാജ് പ്രസാദുമായി അനുരാധ തർക്കത്തിലേർപ്പെടുകയും ഒടുവിൽ കയ്യാങ്കളിയിലെത്തുകയുമായിരുന്നു.

അതേസമയം തങ്ങളുടെ ജീവനക്കാരിക്ക് ഗേറ്റിലൂടെ പ്രവേശിക്കാൻ ആവശ്യമായ എയർപോർട്ട് എൻട്രി പാസ് ഉണ്ടായിരുന്നുവെന്നും ജീവനക്കാരിയോട് സിഐഎസ്എഫ് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയതാണ് സംഭവത്തിന് കാരണമെന്നും സ്പൈസ് ജെറ്റ് കമ്പനി പറഞ്ഞു. മോശമായി പെരുമാറിയ സിഐഎസ്എഫ് ഉദ്യോഗസ്ഥനെതിരെ കേസ് നൽകുമെന്നും ജീവനക്കാരിക്ക് നിയമപരമായ പിന്തുണ നൽകുമെന്നും കമ്പനി കൂട്ടിച്ചേർത്തു. വിഷയത്തിൽ സിസി ടിവി ദൃശ്യങ്ങളും സാക്ഷി മൊഴികളും അടിസ്ഥാനമാക്കി വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് ജയ്പൂർ എയർപോർട്ട് സ്റ്റേഷൻ ഓഫീസർ പറഞ്ഞു.

Related Posts

Leave a Reply