കരിമണല്‍ കമ്പനിയായ സിഎംആര്‍എലില്‍നിന്ന് എക്‌സാലോജിക് സൊലൂഷന്‍സ് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെക്കുറിച്ച് കമ്പനി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ). എക്‌സാ ലോജിക്കിലെ ജീവനക്കാര്‍ക്ക് സമന്‍സ് നല്‍കിയതായി എസ്എഫ്‌ഐഒ അനൗദ്യോഗികമായി സൂചിപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ അടക്കമുള്ള ജീവനക്കാരോട് ചെന്നൈയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതായാണ് വിവരം. നേരത്തെ എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എക്‌സാലോജിക് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു . എസ്എഫ്‌ഐഒ, കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയം എന്നിവരെ എതിര്‍കക്ഷികളാക്കി നല്‍കിയ ഹര്‍ജി കോടതി പക്ഷേ അംഗീകരിച്ചിരുന്നില്ല.
അന്വേഷണം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു വീണയുടെ കമ്പനി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കെഎസ്‌ഐഡിസി നല്‍കിയ സമാന ഹര്‍ജി കേരള ഹൈക്കോടതിയും അനുവദിച്ചിരുന്നില്ല.