കൊച്ചി: സിഎംആര്‍എല്ലിൻ്റെ ഇടപാടുകളില്‍ പ്രാഥമിക അന്വേഷണം വേണമെന്ന് ഹൈക്കോടതിയില്‍ അമികസ് ക്യൂറി. ലളിതകുമാരി കേസിലെ സുപ്രീം കോടതി വിധിയനുസരിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നാണ് ആവശ്യം. സിഎംആര്‍എല്‍-എക്‌സാലോജിക് കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് അമികസ് ക്യൂറി നിലപാട് അറിയിച്ചത്. വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ പൊതുപ്രവർത്തകനായ ജി ഗിരീഷ് ബാബു നല്‍കിയ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.
സിഎംആര്‍എല്‍ കമ്പനിക്കെതിരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ ഗൗരവതരമാണെന്ന് അമികസ് ക്യൂറി അഖില്‍ വിജയ് അറിയിച്ചു. വ്യാപക പ്രതിഷേധം ഉയര്‍ന്ന സമയത്ത് സിഎംആര്‍എല്‍ സംസ്ഥാനത്തെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പ്രമുഖ നേതാക്കള്‍ക്ക് കോഴ നല്‍കിയെന്നാണ് ആക്ഷേപം. സംശയകരമായ സാമ്പത്തിക ഇടപാടുകള്‍ മറയ്ക്കാന്‍ സിഎംആര്‍എല്‍ ആദായ നികുതി വകുപ്പിന് നല്‍കിയ രേഖകളില്‍ ചെലവ് പെരുപ്പിച്ച് കാട്ടിയെന്നും അമികസ് ക്യൂറി അഖില്‍ വിജയ് ഹൈക്കോടതിയെ അറിയിച്ചു.
സംശയകരമായ ഇടപാടുകളുടെ തെളിവുകള്‍ ആദായനികുതി വകുപ്പ് സിഎംആര്‍എലില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്. കോഴ നല്‍കിയെന്നതിന് ആദായനികുതി വകുപ്പിന് സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിട്ടുണ്ട്. വീണ വിജയന്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് മകള്‍ വീണ വിജയന്‍ പണം വാങ്ങിയത് എന്നത് വ്യക്തതയുള്ള ആരോപണമാണ്. ഇതില്‍ വ്യക്തത വരുത്തുന്നതാണ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന് മുന്നിലെ മൊഴികളെന്നുമാണ് അമികസ് ക്യൂറി ഹൈക്കോടതിയെ അറിയിച്ചത്.