Kerala News

സാംസ്‌കാരിക വകുപ്പ് വെട്ടിയ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വരും.

സാംസ്‌കാരിക വകുപ്പ് വെട്ടിയ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വരും. റിപ്പോർട്ടിന്റെ പൂർണ രൂപം വിവരാവകാശ കമ്മീഷൻ പരിശോധിക്കുന്നു. വിവരാവകാശ കമ്മിഷന്റെ അനുമതി ഇല്ലാതെ സാംസ്കാരിക വകുപ്പ് ഓഫീസർ ഒഴിവാക്കിയ ഭാഗങ്ങളാണ് പരിശോധിക്കുന്നത്. 112 ഖ​ണ്ഡി​ക​ക​ളാണ് സാം​സ്കാ​രി​ക വ​കുപ്പ് ഒഴിവാക്കിയത്.

11 ഖ​ണ്ഡി​ക​ക​ൾ ഒഴിവാക്കിയ കാര്യം അപേക്ഷകരെ അറിയിക്കാതിരുന്നത് പിഴവ് എന്ന് വിവരാവകാശ കമ്മിഷൻ. സാംസ്കാരിക വകുപ്പ് ഓഫീസറുടെ മാപ്പ് അംഗീകരിച്ചിട്ടില്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ എ അബ്ദുൽ ഹക്കീം പറഞ്ഞു. ഹേമ കമ്മിറ്റി പൂർണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്കാരിക വകുപ്പുമായി വീണ്ടും ചർച്ച നടത്തും. ഇതിനുശേഷം ഹേമ കമ്മിറ്റി റിപ്പോർട്ടുകളിലെ കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്ന് പ്രതീക്ഷിക്കാമന്ന് ഡോ എ അബ്ദുൽ ഹക്കീം പറഞ്ഞു.

അപേക്ഷകരെ അറിയിക്കാതെ റിപ്പോർട്ടിലെ 97 മുതൽ 107 വരെയുള്ള ഖണ്ഡികകളും 49 മുതൽ 53 വരെയുള്ള പേജുകളുമാണ് ഒഴിവാക്കിയത്. 295 പേജുള്ള റിപ്പോർട്ടിൽ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ ഒഴിവാക്കി ബാക്കിയുള്ളവ നൽകാനാണ് ജൂലൈ 5ന് വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടത്. വ്യക്തിഗത വിവരങ്ങളായ 33 ഖണ്ഡികകൾ കമ്മിഷൻ നേരിട്ട് ഒഴിവാക്കിയിരുന്നു. ഒഴിവാക്കിയ പേജുകളും ഖണ്ഡികകളും പട്ടിക തിരിച്ച് അപേക്ഷകർക്കു നൽകിയിരുന്നു. ഈ പട്ടികയിൽ ഇല്ലാതിരുന്നവയും പിന്നീട് ഒഴിവാക്കിയതിനെതിരെ പരാതി ഉയർന്നു. തുടർന്നാണ് വിവരാവകാശ കമ്മീഷൻ വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്.

Related Posts

Leave a Reply