India News

സഹാറ ഗ്രൂപ്പിന് 2 കോടി രൂപ പിഴ; മുണ്ടക്കൈ ദുരന്തബാധിതർക്കായി നൽകാൻ സുപ്രീംകോടതി

ന്യൂഡൽഹി: ഉപഭോകൃതകേസിലെ കോടതി ഉത്തരവ് പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയ സഹാറ ഗ്രൂപ്പിന് രണ്ട് കോടി പിഴയിട്ട് സുപ്രീം കോടതി. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത പശ്ചാത്തലത്തിൽ പിഴ തുക കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിക്കാൻ ജസ്റ്റിസ് ഹിമാകോഹ്ലി, ജസ്റ്റിസ് സന്ദീപ് മെഹ്ത എന്നിവർ അംഗങ്ങളായ ബെഞ്ച് ഉത്തരവിട്ടു. സഹാറ ഗ്രൂപ്പിലെ പത്ത് കമ്പനികൾ പത്ത് ലക്ഷം വീതവും കമ്പനികളുടെ ഡയറക്ടർമാർ ഇരുപത് ലക്ഷം രൂപയും പിഴ തുക അടക്കണമെന്നാണ് ഉത്തരവിലുള്ളത്.

സഹാറ ഗ്രൂപ്പിന്റെ ജയ്‌പൂരിലെ റിയൽ എസ്റ്റേറ്റ് പദ്ധതിയിൽ പണം നൽകി ഫ്‌ളാറ്റുകൾ ബുക്ക് ചെയ്തവർക്ക് കാലാവധി കഴിഞ്ഞിട്ടും ഫ്‌ളാറ്റുകൾ പൂർത്തിയാക്കി നൽകിയില്ലെന്ന പരാതിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. പണം നൽകിയവർക്ക് ഏറ്റവും വേഗത്തിൽ ഫ്‌ളാറ്റുകൾ പൂർത്തിയാക്കി നല്‍കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ശേഷം ആറു തവണ അവസരം നൽകിയിട്ടും കമ്പനി ഉറപ്പ് പാലിക്കാത്തതിനെ തുടർന്നാണ് പിഴ.

അതേസമയം ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാന്‍ വേണ്ടി മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ സംഭാവന 100 കോടി രൂപ കടന്നു. രണ്ടാഴ്ചക്കിടെ 110 .55 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. ജൂലൈ മുപ്പത് മുതൽ ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന ഫണ്ട് മുഴുവൻ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് വേണ്ടിയാവും ചെലവഴിക്കുക‌ എന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Posts

Leave a Reply