Kerala News

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇന്ന് ബാങ്ക് അക്കൗണ്ടിലെത്തുമെന്ന് ധനവകുപ്പ്; ലഭിച്ചില്ലെങ്കില്‍ നിരാഹാര സമരം; സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സില്‍

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇന്ന് ഉച്ചയോടെ ബാങ്ക് അക്കൗണ്ടില്‍ എത്തുമെന്ന് ധനവകുപ്പ്. ശമ്പളം ഇന്ന് ലഭിച്ചില്ലെങ്കില്‍ നിരാഹാര സമരം ആരംഭിക്കാനാണ് സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം. മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം ലഭിക്കുംവരെ സമരം തുടരുമെന്നാണ് പ്രഖ്യാപനം. ജീവനക്കാരെ ബലിയാടാക്കി സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അനുവദിക്കില്ലെന്ന് കണ്‍വീന്‍ ഇര്‍ഷാദ് എംഎസ് ട്വന്റിഫോറിനോട് പ്രതികരിച്ചു.

നിലവില്‍ സര്‍ക്കാരിന്റെ പക്കലുള്ള പണം ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് എത്തുകയാണെങ്കില്‍ ഓവര്‍ഡ്രാഫ്റ്റ് പ്രതിസന്ധിയിലേക്ക് നീങ്ങും. ഓവര്‍ ഡ്രാഫ്റ്റ് പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ട്രഷറിയില്‍ പണം നിലനിര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗം കൂടിയാണ് ശമ്പളം മുടങ്ങിയതെന്ന ആക്ഷേപം ഉയരുന്നുണ്ട്. ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയത് സര്‍ക്കാരിന് നാണക്കേടായതോടെ ശമ്പള പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രനം വേഗത്തിലാക്കി.

ഇപ്പോള്‍ സമരം ചെയ്തില്ലെങ്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ അവസ്ഥയാകുമെന്ന് സെക്രട്ടറിയേറ്റ് കൗണ്‍സില്‍ പറയുന്നു. അതിനാല്‍ ഇന്ന് മുതല്‍ ഉപവാസ സമരം ഉള്‍പ്പെടെയുള്ള സമരത്തിലേക്ക് സംഘടന കടക്കുകയാണ്. നിലവില്‍ ട്രഷറിയിലുള്ള പണം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയാലും അത് എടുക്കാന്‍ കഴിയാത്ത അവസ്ഥകൂടിയുണ്ട്. അത് വിനിയോഗിക്കാനുള്ള അവകാശം ഉണ്ടാകണമെന്ന് ആവശ്യവും ഉയരുന്നുണ്ട്. ഇതിനിടെ ബജറ്റ് തയാറാക്കിയ ധനവകുപ്പിലെ ജീവനക്കാര്‍ക്ക് മന്ത്രി വിരുന്ന് ഒരുക്കിയിട്ടുണ്ട്.

Related Posts

Leave a Reply