ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യരുടെ വരവ് തള്ളാതെ സിപിഐ പാലക്കാട് ജില്ലാ നേതൃത്വം. പാര്‍ട്ടിയുടെ നയവും പരിപാടിയും അംഗീകരിച്ചാല്‍ സന്ദീപ് വാര്യര്‍ക്ക് വരാമെന്ന് ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ് പറഞ്ഞു. പലതരത്തിലുളള ആശയവിനിമയം നടക്കുമെന്നും സുരേഷ് രാജ് പറഞ്ഞു.
സിപിഐയിലേക്ക് ആര് വരാന്‍ തയ്യാറായാലും ഇത് തന്നെയാകും സമീപനമെന്ന് സുരേഷ് രാജ് അറിയിച്ചു. സന്ദീപ് വാര്യരോട് സംസാരിച്ചെന്ന വാര്‍ത്തയും സിപിഐ തള്ളുന്നില്ല. ഇത്തരം ആശയവിനിമയങ്ങള്‍ തുടരുമെന്ന് സുരേഷ് രാജ് വ്യക്തമാക്കി.
പാലക്കാട്ടെ നീല ട്രോളി ബാഗ് വിവാദത്തില്‍ സിപിഐഎം നിലപാടിനെ സിപിഐയും പൂര്‍ണമായി പിന്തുണയ്ക്കുകയാണ്. പെട്ടി വിവാദം തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയമാണെന്ന സിപിഐഎം ഔദ്യോഗിക നിലപാട് സിപിഐയും ആവര്‍ത്തിച്ചു. ഇതും ചര്‍ച്ച ചെയ്യേണ്ടത് തന്നെയാണ്. യുഡിഎഫിനെതിരായ ചര്‍ച്ചയാണ് പെട്ടി വിവാദം. പൊലീസ് പരിശോധനയെ എതിര്‍ത്ത കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട് ശരിയായില്ലെന്നും സുരേഷ് രാജ് വിമര്‍ശിച്ചു.