ഉമ്മൻ ചാണ്ടിയെ കുറിച്ച് നല്ലത് പറഞ്ഞതിന് മൃഗാശുപത്രി താത്ക്കാലിക ജീവനക്കാരിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്ന ആരോപണത്തിൽ പ്രതികരിച്ച് സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ. പി ഓ സതിയമ്മയെ പുറത്താക്കിയെന്ന വാർത്ത വസ്തുതാവിരുദ്ധമാണ്.ജോലി ഇല്ലാത്ത ആളെ പുറത്താക്കി എന്ന് വാർത്തയുണ്ടാക്കി. സതിയമ്മ ആൾമാറാട്ടം നടത്തി ജോലി ചെയ്തു. ക്രിമിനൽ കേസെടുക്കേണ്ട സംഭവമാണ്. കേസെടുക്കുന്ന കാര്യം മന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും. വകുപ്പ് മന്ത്രിക്ക് എൽഡിഎഫ് പരാതി നൽകി. വിഷയത്തിൽ കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണ്. ലിജിമോൾക്ക് പകരം സതിയമ്മ ജോലി ചെയ്ത് ആ പണവും വാങ്ങിയതാണെന്നും വിഎൻ വാസവൻ വ്യക്തമാക്കി.
സതിയമ്മയെ ജോലിയിൽ നിന്ന് പുറത്താക്കിയതല്ല, കാലാവധി കഴിഞ്ഞപ്പോൾ പിരിച്ചുവിട്ടതാണെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണിയും പറഞ്ഞു. സംഭവത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തുണ്ട്. സതിയമ്മയെ പിരിച്ചുവിട്ടതിൽ മൃഗ സംരക്ഷണ ഓഫീസിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി.
ഇടതുമുന്നണി ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്തിനു കീഴിലെ മൃഗാശുപത്രിയിലാണ് സതിയമ്മ ജോലിചെയ്തിരുന്നത്. മകൻ രാഹുൽ വാഹനാപകടത്തിൽ മരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങൾ ചെയ്തതും തന്റെ മകളുടെ വിവാഹത്തിന് ഉമ്മൻ ചാണ്ടി പങ്കെടുത്തതും സതിയമ്മ പറഞ്ഞിരുന്നു.