തിരുവനന്തപുരം: ഈ വര്‍ഷത്തെ സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ സ്‌ക്വാഡിനെ ഇന്ത്യന്‍ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണാണ് നയിക്കുന്നത്. രോഹന്‍ സി കുന്നുമ്മലിനെ വൈസ് ക്യാപ്റ്റനായും കേരള ക്രിക്കറ്റ് അസോസിയേഷന്‍ തിരഞ്ഞെടുത്തു.
ഒക്ടോബര്‍ 16 മുതല്‍ 27 വരെ മുംബൈയില്‍ വെച്ചാണ് സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റ് നടക്കുക. ഗ്രൂപ്പ് ബിയിലാണ് കേരളം. ഹിമാചല്‍ പ്രദേശിനെതിരായ മത്സരത്തോടെ കേരളം ടൂര്‍ണമെന്റിന് തുടക്കം കുറിക്കും. സിക്കിം, അസം, ബിഹാര്‍, ചണ്ഡീഗഡ്, ഒഡീഷ, സര്‍വീസസ് എന്നിവരും കേരളത്തിനൊപ്പം ബി ഗ്രൂപ്പിലുണ്ട്.
ഐപിഎല്ലിലും ആഭ്യന്തര മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച നിരവധി താരങ്ങള്‍ ഇക്കുറി സയിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീമിലുണ്ട്. മുന്‍ കര്‍ണാടക താരവും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സ്റ്റാര്‍ സ്പിന്നറുമായിരുന്ന ശ്രേയസ് ഗോപാല്‍ ഇത്തവണ ടീമിലുണ്ട്. കഴിഞ്ഞ രഞ്ജി സീസണില്‍ കേരളത്തിനായി 50 വിക്കറ്റുകളുമായി തിളങ്ങിയ ജലക് സക്‌സേനയും ടീമിന് കരുത്തേകും. മുന്‍ ഇന്ത്യന്‍ താരം എം വെങ്കട്ടരമണയാണ് കേരളത്തെ പരിശീലിപ്പിക്കുന്നത്.