സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. വിവാദ വിഷയങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്തു. ആഭ്യന്തര വകുപ്പ് നേരിടുന്ന വിഷയങ്ങളും സംസ്ഥാനത്തെ മറ്റു പോലീസ് വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. ക്ലിഫ് ഹൗസിലായിരുന്നു നിർണായക കൂടിക്കാഴ്ച നടത്തിയത്.
എഡിജിപി എം.ആർ അജിത്കുമാറും ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയതും മുഖ്യമന്ത്രി-ഡിജിപി കൂടിക്കാഴ്ചയിൽ ചർച്ചയായി. ക്രൈംബ്രാഞ്ച് എഡിജിപിയെ യോഗത്തിൽ വിളിച്ച് വരുത്തി. പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി, എഡിജിപി എച്.വെങ്കിടേഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
അതേസമയം, മുൻകൂർ അപേക്ഷ പ്രകാരം എഡിജിപി എംആർ അജിത്കുമാർ നാല് ദിവസത്തെ അവധിയിൽ പ്രവേശിച്ചു. വിവാദങ്ങൾ ഉണ്ടാകുന്നതിന് മുൻപ് നൽകിയ അപേക്ഷയിലാണ് എഡിജിപി അവധിയിൽ പ്രവേശിച്ചിരിക്കുന്നത്. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളേയുമായി തൃശൂരിൽ എഡിജിപി കൂടിക്കാഴ്ച നടത്തിയത് വലിയ വിവാദങ്ങൾക്കാണ് തിരിതെളിയിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം മെയ് 22 നു തൃശൂരിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് എം.ആർ അജിത്കുമാർ ദത്താത്രേയ ഹൊസബാളേയെ കണ്ടത്. ഔദ്യോഗിക വാഹനം ഒഴിവാക്കി വിജ്ഞാനഭാരതി ഭാരവാഹിയുടെ സ്വകാര്യ വാഹനത്തിലായിരുന്നു ADGP ഹോട്ടലിൽ എത്തിയത്. തൃശ്ശൂരിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ വഴിയൊരുക്കിയെന്നും, ഇഡി കേസുകൾ ഇല്ലാതാക്കാൻ നടത്തിയ ഡീൽ ആയിരുന്നു കൂടിക്കാഴ്ച എന്നുമാണ് ആക്ഷേപം.