Kerala News

സംസ്ഥാനത്ത് സ്‌കൂള്‍ കലാ – കായിക മേള അലങ്കോലപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് സ്‌കൂള്‍ കലാ – കായിക മേള അലങ്കോലപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ്. കുട്ടികളെയിറക്കി പ്രതിഷേധം സംഘടിപ്പിക്കുന്ന അധ്യാപകരെയും കുട്ടികളെയും വരും കാല മേളകളില്‍ വിലക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിലൂടെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ കായികമേളയുമായി ബന്ധപ്പെട്ടുണ്ടായ വിവാദമാണ് കര്‍ക്കശമായ തീരുമാനങ്ങളിലേക്കെത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

കായിക മേളയുടെ സമാപന സമ്മളേളന സമയത്ത് അധ്യാപകര്‍ കുട്ടികളെയിറക്കി പ്രതിഷേധിച്ചുവെന്നായിരുന്നു ആരോപണം. സംഭവത്തിന് പിന്നാലെ ഇത് അന്വേഷിക്കാന്‍ മൂന്നംഗ കമ്മീഷനെ വിദ്യാഭ്യാസ വകുപ്പ് നിയമിച്ചിരുന്നു. കമ്മറ്റിയുടെ ശുപാര്‍ശ കൂടി പരിഗണിച്ചാണ് ഇതൊരു ഉത്തരവായി സര്‍ക്കാര്‍ പുറത്തിറക്കിയത്.

സ്‌കൂള്‍ കായികമേള അലങ്കോലപ്പെടുത്തുന്നവരെ വരും വര്‍ഷങ്ങളില്‍ വിലക്കും. പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അധ്യാപകര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണം. സ്‌കൂള്‍ കായികമേള സമാപനത്തിലെ സംഘര്‍ഷത്തില്‍ അധ്യാപകര്‍ക്കെതിരെ നടപടിക്കും കമ്മറ്റി ശിപാര്‍ശ ചെയ്തിട്ടുണ്ട്. നാവാമുകുന്ദ സ്‌കൂളിലെ 3 അധ്യാപകര്‍ക്കെതിരെയും മാര്‍ ബേസില്‍ സ്‌കൂളിലെ രണ്ട് അധ്യാപകര്‍ക്കെതിരെയുമാണ് നടപടിക്ക് ശിപാര്‍ശ. അന്വേഷണ കമ്മീഷന്റെ കണ്ടെത്തലില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Related Posts

Leave a Reply