സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. വിവിധയിടങ്ങളിൽ മരം വീണും മണ്ണിടിഞ്ഞും അപകടങ്ങളുണ്ടായി. ശക്തമായ മഴയിൽ തിരുവനന്തപുരം പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിന് സമീപം വീടിന്റെ മൺഭിത്തി തകർന്നു. രണ്ട് കുഞ്ഞുങ്ങളുൾപ്പെട്ട കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിനു മുൻപിൽ കൂറ്റൻ പരസ്യ ബോർഡ് നിലംപൊത്തി. തിരുവനന്തപുരം ജില്ലയിൽ മൈനിംഗ് പ്രവർത്തനങ്ങളും വിനോദ സഞ്ചാരവും നിരോധിച്ചു. പത്തനംതിട്ട അരിഞ്ഞിലാമൺ കുറുമ്പൻമുഴി കോസ് വേ മുങ്ങിയതോടെ 500 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു.
കോട്ടയത്ത് ജൂൺ 30 വരെ ഖനനം നിരോധിച്ചു. ഈരാറ്റുപേട്ട-വാഗമൺ റോഡിലെ രാത്രികാലയാത്രയ്ക്കും നിരോധനം. ഇടുക്കി ദേവികുളത്ത് വീടിന് മുകളിലേക്ക് കരിങ്കൽ കെട്ട് ഇടിഞ്ഞുവീണു. ഏലപ്പാറ ബോണാമിയിൽ മരം ഒടിഞ്ഞു വീണ് വീട് ഭാഗികമായി തകർന്നു. വാളറയിൽ നിർത്തിയിട്ടിരുന്ന സ്കൂൾ വാനിനു മുകളിലേക്ക് ഇല്ലി കൂട്ടം മറിഞ്ഞുവീണു. കല്ലാർകുട്ടി,പാമ്പള, മലങ്കര ഡാമുകളുടെ ഷട്ടറുകൾ തുറന്നു. ജില്ലയിൽ രാത്രിയാത്ര നിരോധിച്ചിരിക്കുകയാണ്.
എറണാകുളം പൂതൃക്ക പഞ്ചായത്തിലെ ഏഴാം വാർഡിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. വീട്ടിൽ ഉണ്ടായിരുന്നവർ പുറത്തേക്ക് ഓടിയതിനാൽ അപകടം ഒഴിവായി. ആലുവ പെരിയാർ തീരത്ത് കനത്ത കാറ്റിൽ മരങ്ങൾ കടപുഴകി. മട്ടാഞ്ചേരി ബസാറിൽ പുരാതന കെട്ടിടം തകർന്നു. 5 കുടുംബങ്ങളാണ് കെട്ടിടത്തിലുള്ളത്. കാക്കനാട് തെങ്ങോട് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഏഴു കുടുംബങ്ങളിലെ 20 പേരാണ് ക്യാമ്പിൽ ഉള്ളത്. തൃശ്ശൂർ പെരിങ്ങൽക്കുത്ത് ഡാം തുറന്നു. ഒൻപത് ജില്ലകളിൽ എൻഡിആർഎഫ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു.
