Kerala News

സംസ്ഥാനത്ത് ഇന്ന് നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടിംഗിന്‍റെ സുരക്ഷാ ചുമതലയിലുള്ളത് 66,303 പൊലീസ് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടിംഗിന്‍റെ സുരക്ഷാ ചുമതലയിലുള്ളത് 66,303 പൊലീസ് ഉദ്യോഗസ്ഥര്‍. ഇതില്‍ 41,976 പേര്‍ പൊലീസ് ഉദ്യോഗസ്ഥരും 24,327 അംഗങ്ങള്‍ സ്പെഷ്യൽ പൊലീസ് ഓഫീസർമാരുമാണ്. 144 ഇലക്ഷന്‍ സബ്‌ഡിവിഷനുകളായി തിരിച്ചാണ് സുരക്ഷാ വിന്യാസം. പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്രസേനയുമുണ്ടാകും. 

ഇന്ന് നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി 66,303 പൊലീസ് ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്ത് നിയോഗിച്ചിരിക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള പൊലീസ് വിന്യാസമാണ് സംസ്ഥാനത്ത് ഉള്ളത്. 41,976 പൊലീസ് ഉദ്യോഗസ്ഥരും 24,327 സ്പെഷ്യൽ പൊലീസ് ഓഫീസർമാരും ഇത്തവണ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് മുൻപന്തിയിൽ ഉണ്ടാകും എന്ന് കേരള പൊലീസ് അറിയിച്ചു. 

സംസ്ഥാനത്തെ 20 ജില്ലാ പൊലീസ് മേധാവിമാരുടെ കീഴില്‍ 144 ഇലക്ഷന്‍ സബ്‌ഡിവിഷനുകള്‍ക്ക് രൂപം നൽകിയിട്ടുണ്ട്. ഡിവൈഎസ്‌പി മാര്‍ക്കാണ് ഇതിന്‍റെ ചുമതല. ഓരോ പൊലീസ് സ്റ്റേഷനിലും ക്രമസമാധാനപാലനത്തിനായി പട്രോളിംഗ് ടീമുകള്‍ ഉണ്ടായിരിക്കും. കൂടാതെ തെരഞ്ഞെടുപ്പ് ദിവസത്തേയ്ക്കായി ദ്രുതകര്‍മ്മ സേനയുടെ സംഘം എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും നിലയുറപ്പിക്കും. പോളിംഗ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് ഗ്രൂപ്പ് പട്രോള്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രശ്നബാധിതമെന്നു കണ്ടെത്തിയിട്ടുള്ള പോളിംഗ് സ്റ്റേഷനുകളിൽ കേന്ദ്രസേനയെ ഉൾപ്പെടെ വിന്യസിച്ചിട്ടുണ്ട്.

എഡിജിപി എം ആർ അജിത് കുമാർ ആണ് പൊലീസ് വിന്യാസത്തിന്‍റെ സംസ്ഥാനതല നോഡൽ ഓഫീസർ. പൊലീസ് ആസ്ഥാനത്തെ ഐ ജി ഹർഷിത അട്ടലൂരി അസിസ്റ്റൻന്‍റ് പൊലീസ് നോഡൽ ഓഫീസറാണ്.

Related Posts

Leave a Reply