സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരും. കഴിഞ്ഞ ദിവസം പാലക്കാടും തൃശ്ശൂരുമാണ് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. 39.5, 40 ഡിഗ്രി സെൽഷ്യസാണ് യഥാക്രമം പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ അനുഭവപ്പെട്ട താപനില. സാധാരണയെക്കാൾ 1.9 ഡിഗ്രി സെൽഷ്യസ് കൂടുതലാണ് പാലക്കാട്ടെ ചൂട്. പുനലൂർ 38.5 ഡിഗ്രി സെൽഷ്യസും വെള്ളനികര 38 ഡിഗ്രി സെൽഷ്യസും കണ്ണൂർ എയർപോർട്ട് പ്രദേശത്ത് 37.2 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയ താപനില. അതേസമയം, മഴ സാധ്യതാ മുന്നറിയിപ്പും കേന്ദ്രകാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഇന്ന് മുതൽ മാർച്ച് 30 വരെ അഞ്ച് ദിവസത്തേക്കുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മഴ മുന്നറിയിപ്പിൽ നാല് ജില്ലകളിലാണ് മഴ സാധ്യത പ്രവചിക്കുന്നത്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴ പെയ്യാനുള്ള സാധ്യതയുള്ളത്.