Kerala News Top News

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഒരു ജില്ലയിലും പ്രത്യേക മഴമുന്നറിയിപ്പുകൾ നൽകിയിട്ടില്ല. കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

അതേസമയം, മിഗ്ജൗമ് ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും. ഉച്ചയ്ക്ക് മുൻപ് ആന്ധ്രാ പ്രദേശിലെ നല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിലാണ് കാറ്റ് കരതൊടുക. ചുഴലിക്കാറ്റിന്റെ ഫലമായി തുടരുന്ന കനത്ത മഴയിൽ ദുരിതം കൂടുകയാണ്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപേട്ട് ജില്ലകളിലെ നിരവധി വീടുകളും സ്ഥാപനങ്ങളും വെളളത്തിനടിയിലായി. സൈന്യമുൾപ്പെടെ രക്ഷാദൗത്യവുമായി രംഗത്തുണ്ട്.

ചെന്നെയിൽ 380 ഇടങ്ങളിലാണ് വെളളക്കെട്ട് രൂക്ഷമായി തുടരുന്നത്. മഴക്കെടുതിയിൽ ചെന്നൈയിൽ അഞ്ച് പേർ മരിച്ചുവെന്ന് സിറ്റി പൊലീസ് അറിയിച്ചു. ചെന്നൈ വിമാനത്താവളം ഇന്ന് രാവിലെ ഒൻപത് വരെ അടച്ചു. ചെന്നൈ, ചെങ്കൽപേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു.

Related Posts

Leave a Reply