Kerala News

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ അംഗബലം കൂട്ടാന്‍ നടപടിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ അംഗബലം കൂട്ടാന്‍ നടപടിയുമായി സര്‍ക്കാര്‍. സ്റ്റേഷനുകളിലേക്ക് ആവശ്യമായ ഉദ്യോഗസ്ഥരുടെ എണ്ണം അറിയിക്കാന്‍ ഡിവൈഎസ്പിമാര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി. 15 ദിവസത്തിനുള്ളില്‍ കണക്ക് നല്‍കണമെന്നാണ് ആവശ്യം.

1988ലെ അതെ പൊലീസ് അംഗബലം തന്നെയാണ് ഇപ്പോഴും സേനയ്ക്കുള്ളത്. അതിനാല്‍ അധിക സമയം ഡ്യൂട്ടി ചെയ്യേണ്ടിവരികയാണ്. സംസ്ഥാനത്തെ 484 പൊലീസ് സ്റ്റേഷനുകളില്‍ 364 സ്റ്റേഷനുകളിലും പൊലീസുകാരുടെ അംഗസംഖ്യ അമ്പതില്‍ താഴെയാണ്. 44 സ്റ്റേഷനുകളില്‍ 19 മുതല്‍ 30 വരെ ഉദ്യോഗസ്ഥര്‍ മാത്രമെ ഉള്ളൂ. അതിനാല്‍ സേനയില്‍ കൂടുതല്‍ അംഗബലം കൂട്ടാനാണ് സര്‍ക്കാരിന്റെ നീക്കം. പല സ്റ്റേഷനുകളിലും ദൈനംദിന ഡ്യൂട്ടികള്‍, ക്രമസമാധാനം, ഗതാഗത നിയന്ത്രണം എന്നിവയ്ക്കാവശ്യമായ അംഗബലം നിര്‍ദ്ദേശിച്ച ഫോര്‍മാറ്റില്‍ നല്‍കാനാണ് ഡിജിപിയുടെ കത്തില്‍ പറയുന്നത്. നിലവിലുള്ള അംഗബലമെത്ര, ഇനിയെത്ര വേണം എന്ന കണക്ക് കൃത്യമായി നല്‍കണം. അഞ്ച് ദിവസത്തിനുള്ളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ഡിവൈഎസ്പിമാര്‍ക്ക് കണക്ക് നല്‍കണം. ഇത് ക്രോഡീകരിച്ച് ഡിവൈഎസ്പിമാര്‍ 15 ദിവസത്തിനുള്ളില്‍ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. പൊലീസില്‍ ഒഴിവുള്ള തസ്തികകളില്‍ ഇപ്പോഴും നിയമനം ഇഴഞ്ഞ് നീങ്ങുകയാണ്. നിലവിലെ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ നാല് മാസം മാത്രം അവശേഷിക്കുന്നു. നാമമാത്രമായ നിയമനം മാത്രമാണ് നടത്തിയിട്ടുള്ളത്.

Related Posts

Leave a Reply