തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില ചർച്ച ചെയ്യാൻ ഇന്ന് സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബിന്റെ നേതൃത്വത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേരും. ഗുണ്ടാ അഴിഞ്ഞാട്ടവും പൊലീസ്- ഗുണ്ടാ ബന്ധവുമാണ് പ്രധാന ചർച്ച. ജില്ലാ പൊലീസ് മേധാവിമാർ മുതൽ എഡിജിപിമാർ വരെയുള്ളവർ പങ്കെടുക്കുന്ന യോഗം പൊലീസ് ആസ്ഥാനത്താണ് ചേരുന്നത്. ക്രൈം ബ്രാഞ്ച് മേധാവി, ഇന്റലിജൻസ് മേധാവി അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും.
ഗുണ്ടാ അഴിഞ്ഞാട്ടവും പൊലീസ് ഗുണ്ടാ ബന്ധവും പുറത്തുവന്നത് സർക്കാരിന് നാണക്കേടായിരുന്നു. ഇത് അമർച്ച ചെയ്യാനുള്ള കാര്യങ്ങളാണ് പ്രധാനമായും യോഗത്തിൽ ചർച്ച ചെയ്യുക. ഈ സർക്കാർ വന്നശേഷം ഇതുവരെ ഇരുപതോളം ഉദ്യോഗസ്ഥരെയാണ് ഗുണ്ടാബന്ധത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്തത്. 23 പേരെ പിരിച്ചുവിടുകയും ചെയ്തു. ഇതിൽ ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വിരുന്നിൽ ആലപ്പുഴയിലെ ഡിവൈഎസ്പി എംജി സാബു പങ്കെടുത്തത് വിവാദമായിരുന്നു.
