കൊച്ചി: സംവിധായകനും കൂട്ടാളിയും ചേർന്ന് അസിസ്‌റ്റന്റ് ഡയറക്‌ടറെ ബലാത്സംഗം ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയേക്കും. സംവിധായകൻ സുരേഷ് തിരുവല്ല, വിജിത്ത് വിജയകുമാർ എന്നിവർക്കെതിരെ മരട് പൊലിസാണ് കേസ് എടുത്തത്. സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌തും വിവാഹ വാഗ്‌ദാനം നൽകിയും പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.
മാവേലിക്കര സ്വദേശിനിയുടെ പരാതിയിലാണ് സംവിധായകനെതിരെ കേസ് എടുത്തത്. ഓർമ്മ, നാളേക്കായി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് സുരേഷ് തിരുവല്ല. പിടിലായ വിജിത്ത് സിനിമാ മേഖലയിലെ സെക്‌സ് റാക്കറ്റിൻ്റെ കണ്ണിയാണെന്നും പരാതിയിൽ പറയുന്നു. അഡ്ജസ്റ്റ്മെന്‍റിന് തയ്യാറാകണമെന്ന് സുരേഷ് തിരുവല്ല ആവശ്യപ്പെട്ടു. വിജിത്ത് രണ്ട് തവണ പീഡിപ്പിച്ചെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.
സിനിമ മേഖലയിൽ നിന്നുള്ള കേസ് ആയതിനാൽ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറാനാണ് സാധ്യത. അതേസമയം ആരോപണങ്ങൾ സുരേഷ് തിരുവല്ല നിഷേധിച്ചിട്ടുണ്ട്. പരാതിക്കാരിയെ കണ്ടിട്ടില്ലെന്നും അവസരം ചോദിച്ച് ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും സുരേഷ് തിരുവല്ല പറഞ്ഞു. പരാതി ആരോപിക്കപ്പെട്ട വിജിത്തിനെ അറിയാം. വിജിത്തും പരാതിക്കാരിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയില്ല. ആരുടെയെങ്കിലും ഇടപെടലോ പരാതിക്കാരിയുടെ സ്ഥാപിത താത്പര്യമോ ആകാം ഇതിന് പിന്നിൽ. സംഭവത്തിൻ നിയമനടപടിയെ കുറിച്ച് ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും സുരേഷ് തിരുവല്ല വ്യക്തമാക്കി.