പാലക്കാട്: ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി തമിഴ്നാട് സ്വദേശികൾ മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. മരിച്ചവരുടെ കുടുംബാംഗങ്ങൾക്കാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതമാണ് നഷ്ടപരിഹാരം നൽക്കുക.
ഷൊർണൂർ പാലത്തിൽ ട്രെയിൻ തട്ടി രണ്ട് സ്ത്രീകളുൾപ്പെടെ നാല് പേരാണ് മരിച്ചത്. തമിഴ്നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. ലക്ഷ്മണൻ, വള്ളി, റാണി, ലക്ഷ്മണൻ എന്നിങ്ങനെ നാല് പേരാണ് മരിച്ചത്. നാല് പേരുടെയും മൃതദേഹം കണ്ടെത്തി.
അപകടത്തിനിടെ പുഴയിലേക്ക് വീണ തമിഴ്‌നാട് സ്വദേശി ലക്ഷ്മണൻ്റെ മൃതദേഹം ഇന്നാണ് കണ്ടെത്തിയത്. ലക്ഷ്മണൻ്റെ മൃതദേഹം ട്രാക്കിനും പാലത്തിനും ഇടയിൽ നിന്നും റാണിയുടേയും വള്ളിയുടേയും മൃതദേഹം പാലത്തിന് താഴെ മണൽതിട്ടയിൽ നിന്നും ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു.
ഷൊർണൂരിൽ സ്റ്റോപ്പില്ലാതിരുന്ന ട്രെയിൻ വൺവേ ട്രാക്കിലൂടെ അതിവേഗത്തിലായിരുന്നു. ശനിയാഴ്ചയാണ് അപകടമുണ്ടായത്. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കേരള എക്സ്പ്രസ് തട്ടിയായിരുന്നു അപകടം. ട്രെയിൻ എത്തിയത് അറിയാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. കരാർ അടിസ്ഥാനത്തിൽ റെയിൽവേയിലെ ശുചീകരണ തൊഴിലാളികളായി ജോലി ചെയ്ത് വരികയായിരുന്നു ഇവർ.