ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖ് ഖാൻ വീണ്ടും ഒരു ഡോൺ കഥാപാത്രത്തെ അവതരിപ്പിക്കുന്നതായി റിപ്പോർട്ട്. എന്നാൽ അത് ഫർഹാൻ അക്തർ ഒരുക്കുന്ന ഡോൺ ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രമായ ഡോൺ 3യിലായിരിക്കില്ല, മറിച്ച് മറ്റൊരു സിനിമയ്ക്കായാണ് ഷാരൂഖ് ഡോണാവുക. മകൾ സുഹാനയ്‌ക്കൊപ്പം ഷാരൂഖ് ഒരു സിനിമ ചെയ്യുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കിംഗ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലായിരിക്കും നടന്റെ ഡോൺ കഥാപാത്രമെത്തുക.
ചിത്രത്തിൽ അൽപ്പം ഗ്രേ ഷെയ്ഡിലായിരിക്കും നടനെത്തുക. ഷാരൂഖ് ഇപ്പോൾ ആരാധകർക്കായി സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നു. അവർക്ക് തങ്ങളുടെ പ്രിയതാരത്തെ ഗ്രേ ഷെയ്ഡിൽ കാണാൻ അതിയായ ആഗ്രഹമുണ്ട്. അതിനാൽ തന്നെ ചിത്രത്തിലെ കഥാപാത്രത്തെ ഗ്രേ ഷെയ്ഡിൽ ഷാരൂഖിന്റെ സ്വാഗോടെയാണ് അവതരിപ്പിക്കുക എന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.
സുജോയ് ഘോഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതാദ്യമായല്ല ഷാരൂഖും സുജോയ് ഘോഷും ഒന്നിക്കുന്നത്. സുജോയിയുടെ മുൻചിത്രമായ ‘ബദ്‌ല’യിൽ ഒരു കാമിയോ വേഷത്തിൽ ഷാരൂഖ് എത്തിയിരുന്നു. അമിതാഭ് ബച്ചനും താപ്‍സിയുമായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസും സംവിധായകൻ സിദ്ധാർഥ് ആനന്ദിന്റെ മാര്‍ഫ്‌ലിക്‌സ് പിക്‌ചേഴ്‌സും ചേർന്നാണ് കിംഗ് നിർമ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഈ വർഷം സെപ്തംബറിൽ ആരംഭിക്കുമെന്നും അടുത്ത വർഷം ആദ്യം റിലീസ് ചെയ്തേക്കുമെന്നും സൂചനകളുണ്ട്.