ശ്രീകാര്യം സിപിഐഎം ബ്രാഞ്ച് സമ്മേളനത്തിൽ കയ്യാങ്കളി. ബ്രാഞ്ച് സമ്മേളനം നിർത്തിവച്ചു. സി.പി.എം. ബ്രാഞ്ച് സമ്മേളനത്തിൽ അംഗങ്ങൾ ചേരിതിരിഞ്ഞ് നടത്തിയ പോർവിളി കയ്യാങ്കളിയിൽ അവസാനിച്ചു. ശ്രീകാര്യം ലോക്കൽ കമ്മറ്റിക്ക് കീഴിലെ ശ്രീകാര്യം ബ്രാഞ്ച് സമ്മേളനമാണ് കയ്യാങ്കളിയിൽ അവസാനിച്ചത്.
പാർട്ടി സമ്മേളനങ്ങളിൽ വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ലെന്ന പാർട്ടി കത്ത് നേരത്തേ എല്ലാ കമ്മിറ്റികൾക്കും നൽകിയിരുന്നു. പാർട്ടി കത്ത് നിലനിൽക്കെ ബ്രാഞ്ച് സമ്മേളനത്തിൽ ഏര്യാ സെക്രട്ടറിയെയും ഏരുകമ്മറ്റി അംഗത്തെയും ബ്രാഞ്ച് അംഗം സമ്മേളനത്തിൽ വ്യക്തിപരമായി വിമർശിച്ചിരുന്നു. ഇത് പാടില്ലെന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി ചെറുവല്ലി രാജൻ പറഞ്ഞു.
തുടർന്ന് പാർട്ടി കത്തിലെ ഭാഗം വായിച്ചു. ഇതിൽ പ്രകോപിതനായ പാർട്ടി അംഗം പാർട്ടി കത്ത് പിടിച്ചു വാങ്ങി വലിച്ചു കീറി. തുടർന്നായിരുന്നു ഏര്യാ സെക്രട്ടറിയെ പിന്തുണയ്ക്കുന്നവരും അല്ലാത്തവരും ഇരു ചേരിയായി പോർവിളിയും കൈയാങ്കളിയും നടന്നത്. ശ്രീകാര്യം ലോക്കൽ കമ്മിറ്റിയിലെ എല്ലാ ബ്രാഞ്ച് സമ്മേളനങ്ങളും മാറ്റിവച്ചു. കഴിഞ്ഞ സമ്മേളനത്തിലും ശ്രീകാര്യം ലോക്കൽ കമ്മിറ്റിയിൽ വിഭാഗീയകൾ ഉണ്ടായിരുന്നു.