Kerala News

‘ശിക്ഷ ശിശുദിനത്തിൽ’; ആലുവയിൽ 5 വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ വിധി നവംബർ 14 ന്


ആലുവയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാഖ് ആലമിന്റെ ശിക്ഷാ വിധി ശിശുദിനത്തിൽ. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വിശദമായ വാദം കേട്ട ശേഷം നവംബർ 14 ന് ശിക്ഷ വിധിക്കുമെന്ന് കോടതി അറിയിച്ചു. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയാല്‍ പ്രതി വീണ്ടും ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ അഡ്വക്കറ്റ് മോഹന്‍രാജ് ചൂണ്ടിക്കാട്ടി. പ്രതി കൃത്യം നടത്തിയ രീതി അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. മാലിന്യം വലിച്ചെറിയുന്ന ലാഘവത്തോടെയാണ് പ്രതി കുട്ടിയുടെ മൃതദേഹം മറവ് ചെയ്തത്. ഈ കുട്ടി ജനിച്ച വര്‍ഷം പ്രതി മറ്റൊരു കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ശിക്ഷയില്‍ ഇളവ് വേണമെന്ന് പ്രതിഭാഗവും കോടതിയില്‍ ആവശ്യപ്പെട്ടു. പ്രായം കണക്കിലെടുത്ത് ഇളവ് നല്‍കണം. മനഃപരിവര്‍ത്തനത്തിന് അവസരം വേണമെന്നും പ്രതി അസ്ഫാഖ് ആവശ്യപ്പെട്ടു. അസ്ഫാഖ് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. കഴിഞ്ഞ ജൂലൈ 28 നാണ് ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസ്സുള്ള കുഞ്ഞിനെ പ്രതിയായ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്.

Related Posts

Leave a Reply