കൊല്ലം: ശാസ്താംകോട്ടയിൽ 46 കിലോ കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട കേസിൽ 5 പ്രതികൾക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. കൊല്ലം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി ബിന്ദു സുധാകരനാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി കൊല്ലം കുണ്ടറ സ്വദേശി അശ്വിൻ (30), രണ്ടാം പ്രതി കൊട്ടാരക്കര മൈലം സ്വദേശി അഖിൽ കൃഷ്ണൻ (29), മൂന്നാം പ്രതി ചെങ്ങന്നൂർ സ്വദേശി ബോണി എന്ന് വിളിക്കുന്ന ലിബിൻ വർഗീസ് (28), നാലാം പ്രതി പത്തനംതിട്ട അടൂർ സ്വദേശി വിഷ്ണു (27), അഞ്ചാം പ്രതി കുണ്ടറ സ്വദേശി പ്രജീഷ് തങ്കച്ചൻ (38) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
2022 മെയ് എട്ടാം തിയതി രാത്രി 10.55 മണിക്കായിരുന്നു ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആന്ധ്രാപ്രദേശിൽ നിന്നും ഒന്നും രണ്ടും പ്രതികൾ KL 03 AB 5511 ഇന്നോവ ക്രിസ്റ്റ കാറിൽ കടത്തിക്കൊണ്ട് വരികയായിരുന്ന 46.780 കിലോ ഗ്രാം കഞ്ചാവ് ഭരണിക്കാവ് ജംഗ്ഷനിൽ വച്ച് ശാസ്താംകോട്ട പൊലീസ് പിടികൂടുകയായിരുന്നു.
ഒന്നും രണ്ടും പ്രതികളെ സംഭവ സ്ഥലത്ത് വച്ച് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികളും പിന്നാലെ പൊലീസിന്‍റെ വലയിലായി. അറസ്റ്റിലായ അന്ന് മുതൽ 5 പ്രതികളും ജുഡീഷ്യൽ കസ്റ്റഡിയിൽ ആണ്. നിരവധി തവണ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. ഇതിനിടയിലാണ് കൊല്ലം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിച്ചത്. ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങൾക്കാണ് പ്രതികളെ ശിക്ഷിച്ചിരിക്കുന്നത്. കഞ്ചാവ് കടത്ത് കേസിൽ ഗൂഢാലോചന കുറ്റത്തിന് ശിക്ഷ വിധിക്കുന്നത് അപൂർവമായി മാത്രമാണ്.