ഇടുക്കി: തൊഴിലാളികൾക്ക് ശമ്പളം, ഗ്രാറ്റിവിറ്റി, ബോണസ് തുടങ്ങിയ ആനുകൂല്യങ്ങൾ നൽകാത്തതിനെ തുടർന്ന് അയ്യപ്പൻകോവിൽ സുൽത്താനിയ ഡോർലാന്റിലെ നെടുമ്പറമ്പിൽ ഏലം എസ്റ്റേറ്റ് തൊഴിലാളികൾ പിടിച്ചെടുത്തു. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ 430 ഏക്കർ ഏലം എസ്റ്റേറ്റാണ് തൊഴിലാളികൾ പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസമാണ് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ 430 ഏക്കർ തോട്ടം പിടിച്ചെടുത്ത് 325 തൊഴിലാളികൾക്ക് തുല്യമായി വീതിച്ചു നൽകിയത്. ശമ്പളവും ആനുകൂല്യങ്ങളും നൽകുമ്പോൾ തോട്ടം ഉടമയ്ക്ക് തിരിച്ചു നൽകും. അതുവരെ തോട്ടം സംരക്ഷിച്ച് ഉപജീവനം നടത്താനാണ് തൊഴിലാളികളുടെ തീരുമാനം. 270 സ്ഥിരം തൊഴിലാളികളും 30 താത്‌കാലികക്കാരും 25 ഓഫീസ് ജീവനക്കാരുമാണ് എസ്റ്റേറ്റിലുള്ളത്. ശമ്പള ഇനത്തിൽ മാത്രം ഓരോരുത്തർക്കും 70,000 രൂപയോളം മാനേജ്മെന്റ് നൽകാനുണ്ട്.
നിരന്തരം താലൂക്ക്, ജില്ലാ തൊഴിൽവകുപ്പ് ഉദ്യോഗസ്ഥർ ചർച്ച നടത്തിയിട്ടും പരിഹാരമായില്ല. തൊഴിൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയും പരാജയപ്പെട്ടു. വർഷങ്ങളായി കരിമറ്റം മാനേജ്മെൻ്റിനു കീഴിൽ ലാഭകരമായി, നന്നായി പ്രവർത്തിച്ചിരുന്ന എസ്റ്റേറ്റായിരുന്നു ഇത്. രണ്ടുവർഷത്തെ ബോണസ്, ഗ്രാറ്റിവിറ്റി ശമ്പള കുടിശ്ശിക മറ്റാനുകൂല്യങ്ങളാണ് തൊഴിലാളികൾക്ക് ലഭിക്കാനുള്ളത്.
2016-ൽ നെടുമ്പറമ്പിൽ മാനേജ്മെന്റ് വിലയ്ക്കുവാങ്ങിയതോടെയാണ് പ്രതിസന്ധി തുടങ്ങിയതെന്ന് തൊഴിലാളികൾ പറയുന്നു. ആറു കോടിയോളം രൂപ മാനേജ്മെൻ്റ് തൊഴിലാളികൾക്ക് നൽകാനുണ്ടെന്ന് സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ പറഞ്ഞു. അതിനിടെ തോട്ടത്തിന്റെ ഉടമകളായ തിരുവല്ല ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമ എൻ എം രാജുവും കുടുംബവും സാമ്പത്തിക തട്ടിപ്പുകേസിൽ ജയിലിലുമായി.