ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജി കഴിഞ്ഞ ദിവസം കോടതി ഫയലിൽ സ്വീകരിച്ച് മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട പി.എൻ മഹേഷുൾപ്പെടെയുള്ള എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചിരുന്നു. നറുക്കെടുപ്പിൽ രണ്ട് പേപ്പറുകൾ മാത്രം ചുരുട്ടിയിടാതെ മടക്കിയിട്ടത് മനപ്പൂർവ്വമായിരിക്കില്ല എങ്കിലും അക്കാര്യം വസ്തുതയാണെന്നും കഴിഞ്ഞ തവണ ഹൈക്കോടതി വാക്കാൽ പരാമർശം നടത്തിയിട്ടുണ്ട്. നറുക്കെടുപ്പിന്റെ സി.സി ടിവി ദൃശ്യങ്ങളും ചാനൽ ദൃശ്യങ്ങളും ഹൈക്കോടതി പരിശോധിച്ചിരുന്നു. തിരുവനന്തപുരം സ്വദേശി മധുസൂദനൻ നമ്പൂതിരിയാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. മേൽശാന്തി തിരഞ്ഞെടുപ്പ് സുതാര്യമായല്ല നടന്നതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. നറുക്കെടുപ്പിൽ കൃത്രിമത്വം കാട്ടിയെന്നാണ് ആക്ഷേപം. മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട മഹേഷിന്റെ തെരഞ്ഞെടുപ്പ് റദ്ദ് ചെയ്ത് പുതിയ ആളെ തെരഞ്ഞെടുക്കണമെന്നാണ് ആവശ്യം.