Kerala News

ശബരിമല ദർശനം നടത്തിയ നടൻ ദിലീപിന് സന്നിധാനത്ത് താമസം ഒരുക്കിയത് ദേവസ്വം ഓഫീസ് കോംപ്ലക്സിൽ

കൊച്ചി: ശബരിമല ദർശനം നടത്തിയ നടൻ ദിലീപിന് സന്നിധാനത്ത് താമസം ഒരുക്കിയത് ദേവസ്വം ഓഫീസ് കോംപ്ലക്സിൽ. മന്ത്രിയും ബോർഡ് അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും താമസിക്കുന്ന ഇടത്താണ് ദിലീപിന് മുറി നൽകിയത്. പണം വാങ്ങാതെയാണ് മുറി അനുവദിച്ചത്.ദേവസ്വം മെമ്പറുടെ മുറിയാണ് ദിലീപിന് നൽകിയത്.

ഹരിവരാസനം പാടി നടയടക്കുന്നതുവരെയുള്ള മുഴുവൻ സമയവും ദിലീപും സംഘവും ദർശനം തേടി. ഈ സമയത്ത് ദർശനം തേടി കാത്തുനിന്ന സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള ഭക്തരെ തടഞ്ഞത് വലിയ വിവാദമായിരുന്നു. വിഷയത്തിൽ ഇടപെട്ട ഹൈക്കോടതി മറ്റുള്ളവരുടെ ദർശനം തടസപ്പെടുത്തിയിട്ടാണോ വിഐപികളുടെ ദർശനമെന്നും ചോദിച്ചിരുന്നു.

അയ്യപ്പ ദർശനത്തിന് ആർക്കും പ്രത്യേക പരിഗണന നൽകരുതെന്നാണ് ഹൈക്കോടതിയുടെ മുൻകാല ഉത്തരവ്. ഈ സാഹചര്യത്തിൽ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുമെന്നും കൂടി ഹൈക്കോടതി നിരീക്ഷിച്ചു.

ഹരിവരാസനം പാടുന്ന സമയം മുഴുവൻ ദിലീപിന് സന്നിധാനത്ത് നിൽക്കാൻ എങ്ങനെ അവസരം കിട്ടിയെന്നും വിഷയം ചെറുതായി കാണാനാകില്ലെന്നും കോടതി പറഞ്ഞിരുന്നു. സംഭവത്തിൽ ദേവസ്വം ജീവനക്കാരോട് വിശദീകരണം തേടിയിട്ടുണ്ടെന്നാണ് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചത്.

Related Posts

Leave a Reply