പത്തനംതിട്ട: മെഡിക്കൽ കോളേജുകളിലെ 88 ഡോക്ടർമാരെ ഒറ്റയടിക്ക് കോന്നി മെഡിക്കൽ കോളേജിലേക്ക് സ്ഥലം മാറ്റി. ശബരിമല തീർത്ഥാടനം മുന്നിൽ കണ്ടാണ് നടപടി. പകരം നിയമിക്കാൻ ഡോക്ടർമാരില്ലാത്തതിനാൽ മറ്റ് മെഡിക്കൽ കോളേജുകളിൽ രോഗീപരിചരണം അടക്കമുള്ള കാര്യങ്ങൾ ഇതോടെ താളം തെറ്റിയേക്കും. സർക്കാർ നടപടിക്കെതിരെ കെജിഎംസിടിഎ രംഗത്തെത്തി.
തിരുവനന്തപുരം മുതൽ മഞ്ചേരി മെഡിക്കൽ കോളേജ് വരെ ഉള്ള സർക്കാർ മെഡിക്കൽ കോളേജുകളിലെ 88 ഡോക്ടർമാർക്ക് ആണ് സ്ഥലംമാറ്റം. എല്ലാ പ്രധാനപ്പെട്ട സ്പെഷ്യാലിറ്റികളിൽ നിന്നും സൂപ്പർ സ്പെഷ്യാലിറ്റികളിൽ നിന്നും ഡോക്ടർമാരെ മാറ്റിയിട്ടുണ്ട്. എന്നാൽ ഇവിടങ്ങളിലേക്ക് പകരം നിയമനവുമില്ല. ഇതോടെ മിക്ക ആശുപത്രികളിലും രോഗിപരിചരണവും ശസ്ത്രക്രിയ അടക്കമുള്ളവയും താളം തെറ്റും . മെഡിക്കൽ കോളേജുകളിലെ അധ്യാപനവും താറുമാറാകും. നിലവിൽ തന്നെ ഡോക്ടർമാരുടെ വലിയ തോതിലുള്ള കുറവ് മെഡിക്കൽ കോളേജ് ആശുപത്രികളിലുണ്ട്. എൻട്രികേഡർ നിയമനം പോലും നടക്കാത്ത അവസ്ഥയുമുണ്ട്. ഈ സാഹചര്യത്തിലാണ് ഉള്ളവരെ ഒറ്റയടിക്ക് ഒരു സ്ഥലത്തേക്ക് മാത്രം സ്ഥലം മാറ്റിയത്.
ബുധനാഴ്ച മുതൽ ജനുവരി 20 വരെയാണ് കോന്നിയിലേക്കുള്ള താൽക്കാലിക സ്ഥലംമാറ്റം. ശബരിമല ബേസ് ക്യാമ്പ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നും കോന്നി മെഡിക്കൽ കോളേജിലേക്ക് മാറ്റിയതോടെയാണ് മെഡിക്കൽ കോളേജുകളിൽ നിന്ന് ഇത്രയധികം ഡോക്ടർമാരെ ഒറ്റയടിക്ക് മാറ്റിയത്. നടപടിയിൽ നിന്ന് പിന്മാറണമെന്ന് മെഡിക്കൽ കോളേജ് അധ്യാപക സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ സർക്കാർ തീരുമാനത്തിൽ മാറ്റം ഉണ്ടായേക്കില്ല.