ശബരിമലയിൽ വൻ ഭക്തജന തിരക്ക്. ഇന്ന് 90,000 പേരാണ് ദർശനത്തിനായി ബുക്ക് ചെയ്‌തത്. സന്നിധാനത്തേക്ക് ഭക്തർ കൂട്ടമായി എത്തുന്നതാണ് പലപ്പോഴും തിരക്ക് പെട്ടെന്ന് കൂടാൻ കാരണമാകുന്നത്. ഏറ്റവും കൂടുതൽ പേർ ബുക്ക് ചെയ്‌ത ദിവസം കൂടിയാണ് ഇന്ന്. സ്പോട്ട് ബുക്കിങ് വഴി 16000 പേർ ദർശനം നടത്തി. പുതിയ ബാച്ചിൽ 1600 പൊലീസുകാരണ് എത്തുന്നത്.
തിരക്ക് വർദ്ധിച്ചതോടെ ശബരിമല തീർത്ഥാടനം സുഗമമാക്കാൻ ക്യൂ കോംപ്ലക്സുകൾ സജീവമാക്കി അതികൃതർ. തിരുപ്പതി ദർശനത്തിന് സമാനമായ ഡൈനാമിക് ക്യൂ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ക്യൂ കോംപ്ലക്സിൽ നിന്നും യാത്ര തുടരാനാകുന്ന ഏകദേശ സമയം പ്രദർശിപ്പിക്കുന്ന, പുത്തൻ സംവിധാനവും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.
എട്ടുവർഷം മുമ്പ് 9 കോടി മുടക്കിയാണ് മരക്കൂട്ടത്തിനും ശരംക്കുത്തിക്കും ഇടയിൽ 6 ക്യു കോംപ്ലക്സുകൾ സ്ഥാപിച്ചത്. കോംപ്ലക്സിലെ 18 പ്രത്യേക ഹാളുകളിൽ തീർത്ഥാടകരെ എത്തിച്ച്, ഏറെ നേരം ക്യൂ നിൽക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം.
മുൻ വർഷങ്ങളിൽ നിന്ന് വിത്യസ്തമായി ഡൈനാമിക് ക്യൂവിനെ നിയന്ത്രിക്കാൻ കോംപ്ലക്സിനുള്ളിൽ തന്നെ പ്രത്യേകം ആധുനിക കൺട്രോൾ റൂമാണ് സജ്ജമാക്കിയിരിക്കുന്നത്. തീർത്ഥാടകരുടെ ഒഴുക്കും, നടപ്പന്തൽ വരെയുള്ള പാതയിലെ തിരക്കും ക്യാമറകളിലൂടെ നിരീക്ഷിച്ചാണ് ക്യൂവിന്റെ നിയന്ത്രണം.