Kerala News

ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ തീരുമാനത്തിനെതിരെ യോഗം ചേരാനൊരുങ്ങി അയ്യപ്പ ഭക്ത സംഘടനകള്‍

പത്തനംതിട്ട: ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ തീരുമാനത്തിനെതിരെ യോഗം ചേരാനൊരുങ്ങി അയ്യപ്പ ഭക്ത സംഘടനകള്‍. പന്തളത്ത് ഈ മാസം 26 ന് യോഗം ചേരും. ഈ മാസം 16 ന് പന്തളത്ത് നാമജപ പ്രാര്‍ത്ഥന നടത്താനും തീരുമാനിച്ചു. കര്‍മ്മപദ്ധതിക്ക് യോഗത്തില്‍ രൂപം നല്‍കും. വെര്‍ച്വല്‍ ക്യൂവിന് പിന്നില്‍ തീര്‍ത്ഥാടകരെ നിയന്ത്രിക്കുക എന്ന ഗൂഡലക്ഷ്യമാണെന്ന് അയ്യപ്പ ഭക്ത സംഘടനകള്‍ പറഞ്ഞു.

തീര്‍ത്ഥാടകരുടെ ബുദ്ധിമുട്ട് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും പരിഷ്‌കാരത്തിന്റെ പേരില്‍ ഭക്തരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നുമാണ് അയ്യപ്പ ഭക്ത സംഘടനകളുടെ ആവശ്യം. മാറി മാറി വരുന്ന സര്‍ക്കാരുകളും ബോര്‍ഡും ഭക്തരെ ചൂഷണം ചെയ്യുന്നു. ഭക്തരുടെ വിവര ശേഖരണം മാത്രം സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. കാല്‍നടയായി നിരവധി ഭക്തര്‍ ശബരിമലയില്‍ എത്തുന്നുണ്ട്. കാലാവസ്ഥ പ്രതികൂലമായാല്‍ കൃത്യസമയത്ത് ഭക്തര്‍ക്ക് എത്താനാകില്ലെന്നും സംഘടനകള്‍ പറഞ്ഞു.

ബുക്ക് ചെയ്ത ദിവസം തന്നെ ചിലപ്പോള്‍ ഭക്തര്‍ക്ക് എത്താന്‍ കഴിയില്ലെന്നും ബോര്‍ഡിനെ നോക്കുകുത്തിയാക്കി പൊലീസ് ശബരിമലയില്‍ ഭരണം നിയന്ത്രിക്കുന്നുവെന്നും സംഘടനകള്‍ വ്യക്തമാക്കി. 26 ലെ യോഗത്തില്‍ ആചാര സംരക്ഷണ സമിതി, അയ്യപ്പ സേവാ സംഘം, അയ്യപ്പ സേവാ സമാജം എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുക്കും.

ശബരിയില്‍ ഇത്തവണ ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രമായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഭക്തരുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്താണ് തീരുമാനമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി പ്രശാന്ത് വ്യക്തമാക്കിയിരുന്നു. ഓണ്‍ലൈന്‍ ബുക്കിങാണെങ്കിലും മാലയിട്ട ആര്‍ക്കും ദര്‍ശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യമുണ്ടാകില്ലെന്നും ദേവസ്വം പ്രസിഡന്റ് അറിയിച്ചിരുന്നു.

Related Posts

Leave a Reply