ചെന്നൈ: ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് മുൻകരുതൽ നടപടി സ്വീകരിച്ച് തമിഴ്നാട് സർക്കാർ. ചെന്നൈ ഉൾപ്പെടെ നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തു ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ചെന്നൈ, കാഞ്ചിപുരം, ചെങ്കൽപേട്ട്, തിരുവള്ളൂർ ജില്ലകളിലെ സ്കൂളുകൾക്കും കോളേജുകൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മുന്ന് ദിവസത്തേക്ക് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യം നൽകാൻ ഐടി കമ്പനികൾക്ക് സർക്കാർ നിർദേശം നൽകി. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.
വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും വരുന്ന നാല് ദിവസം ഏറെ നിർണ്ണായകമാണെന്നും കനത്ത ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. വെള്ളക്കെട്ടുണ്ടാകുന്ന ഭാഗങ്ങളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കണമെന്നും സർക്കാർ നിർദേശിച്ചു. ഒക്‌ടോബർ 14 നും 17 നും ഇടയിൽ തമിഴ്‌നാട്ടിലെ വടക്കൻ തീരദേശ ജില്ലകളിൽ 40 സെൻ്റീമീറ്റർ വരെ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഒരു ദിവസം 20 സെൻ്റീമീറ്റർ മഴ പെയ്യാൻ സാധ്യതയുണ്ട്, ഇത് പല പ്രദേശങ്ങളിലും വെള്ളക്കെട്ടിന് കാരണമാകുമെന്നാണ് മുന്നറിയിപ്പ്.