തിരുവനന്തപുരം: വർക്കലയിൽ വിവാഹ തട്ടിപ്പ് നടത്തി സ്വർണ്ണവും പണവും കവർന്ന കേസിൽ പ്രതി പിടിയിൽ. താന്നിമൂട് സ്വദേശി നിതീഷ്ബാബുവാണ് പൊലീസ് പിടിയിലായത്. അഞ്ച് യുവതികളുടെ ഭർത്താവായി ആൾമാറാട്ടം നടത്തിയായിരുന്നു തട്ടിപ്പ്. അഞ്ചാമത് വിവാഹം കഴിക്കാൻ ഇരിക്കുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്. പ്രതി ഒരു വിവാഹവും രജിസ്റ്റർ ചെയ്തിരുന്നില്ലെന്നും ക്ഷേത്രത്തിൽ വച്ച് താലി കെട്ടുകയാണ് ഇയാളുടെ രീതിയെന്നുമാണ് പൊലീസ് പറയുന്നത്.
നിരവധി യുവതികളുടെ സ്വകാര്യ ദൃശ്യങ്ങളും പ്രതിയിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 20 പവനോളം സ്വർണ്ണാഭരണങ്ങളും, 8 ലക്ഷം രൂപയുമാണ് പ്രതി വിവാഹത്തട്ടിപ്പിലൂടെ കൈക്കലാക്കിയത്. 2 യുവതികളുടെ പരാതിയിലാണ് വർക്കല പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരാളെ ശാരീരികമായി ഉപദ്രവിച്ചെന്നും പരാതിയിലുണ്ട്. സമാനമായി കബളിപ്പിക്കപ്പെട്ടവർ ഇനിയുമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. വിശ്വാസവഞ്ചന, ബലാൽസംഗം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്