തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പുകാർക്ക് സ്വർണ കച്ചവടത്തിലും- ഓഹരി വ്യാപരത്തിലുമുള്ളത് കോടികളുടെ നിക്ഷേപം. മുംബൈ പൊലിസ് ചമഞ്ഞ് തിരുവനന്തപുരം സ്വദേശിയെ ഭീഷണിപ്പെടുത്തി രണ്ടരക്കോടി തട്ടിയെ കേസിലെ പ്രതിക്ക് സ്വർണ-വജ്ര വ്യാപാരത്തിലുള്ളത് 60 കോടിയുടെ നിക്ഷേപം. പൊലിസ്- കസ്റ്റംസ് ചമഞ്ഞ് വീഡിയോ കോൾ വഴിയാണ് തട്ടിപ്പ് നടത്തുന്നത്.
ഫെഡെക്സ് സ്കാമിലൂടെ തട്ടിപ്പിനിരയായ തിരുവനന്തപുരം സ്വദേശിക്ക് വന്ന ഫോൺ കോളിങ്ങനെ. നിങ്ങളുടെ വിലാസത്തിൽ വന്ന ഒരു കൊറിയറിൽ മുംബൈ കസ്റ്റംസ് എംഡിഎംഎ പിടികൂടി. നിങ്ങളെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പായി ചോദ്യം ചെയ്യണം. ചോദ്യം ചെയ്യൽ ഓൺലൈനായാണ്. യൂണിഫോം ധരിച്ച ഒരാൾ വൈകാതെ വീഡിയോ കോളിലെത്തും. വിദഗ്ദമായി ബാങ്ക് വിവരങ്ങൾ വരെ ചോദിച്ചറിയും. പിന്നെ ഒന്നും നോക്കാനില്ല. ഒരു രൂപ പോലും അവശേഷിപ്പിക്കാതെ അക്കൗണ്ട് കാലിയാകുമ്പോഴാണ് തട്ടിപ്പ് തിരിച്ചറിയുക.
തിരുവനന്തപുരം സ്വദേശിക്ക് നഷ്ടമായത് രണ്ടര കോടിയാണ്. വലയിലാക്കുന്ന വ്യക്തിയുടെ ആധാർ അക്കൗണ്ട് നമ്പർ വരെ മനസ്സിലാക്കിയാണ് വിളിക്കുന്നത്. തിരുവനന്തപുരം സ്വദേശിയിൽ നിന്ന് തട്ടിയെടുത്ത പണം ആദ്യം പോയത് രാജസ്ഥാൻ സ്വദേശിയുടെ അക്കൗണ്ടിലേക്ക്. ടാക്സി ഡ്രൈവറായ അക്കൗണ്ട് ഉടമയെ രാജസ്ഥാനിൽ നിന്ന് സൈബർ പൊലീസ് പിടികൂടി. ഒരു അക്കൗണ്ട് തുടങ്ങി പണം വാങ്ങി വിറ്റതല്ലാതെ മറ്റൊന്നും അറിയില്ലെന്നായിരുന്നു ഇയാളുടെ മൊഴി. ഒടുവിൽ മുംബൈയിൽ നിന്ന് തട്ടിപ്പിന്റെ മുഖ്യകണ്ണി കേശവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പിലൂടെ നേടിയ കോടികളാണ് ഇയാളുടെ അക്കൗണ്ടിലൂടെ ഒഴുകിയത്.
തട്ടിയെടുത്ത പണം എവിടേക്ക് പോയെന്നതിന് തെളിവുണ്ടാകാതിരിക്കാൻ സ്വർണ വജ്രവ്യാപരത്തിലും ഓഹരിവിപണിയിലും നിക്ഷേപിക്കും. സ്വയം തൊഴിൽ സംരഭങ്ങൾക്കെന്ന വ്യാജേന ഉത്തരേന്ത്യയിൽ നിരവധിപ്പേരെകൊണ്ട് അക്കൗണ്ടുകൾ തുടങ്ങിയാണ് തട്ടിപ്പ് സംഘത്തിന്റെ
ഇടപാടുകൾ. അതുകൊണ്ട് തന്നെ അന്വേഷണമുണ്ടായാലും സംഘത്തിലെ പ്രധാനികളിലേക്ക് എത്താൻ വൈകും. തട്ടിപ്പ് നടത്താൻ മുംബൈയിൽ ഒരു കോൾ സെന്റർ വരെ ഇവർക്കുണ്ടായിരുന്നുവെന്നാണ് പൊലീസിന് കിട്ടിയ വിവരം. പല രൂപത്തിൽ പല ശൈലിയിൽ തട്ടിപ്പുകാരെത്തും. ഏതോ ലോകത്തിരുന്ന് ഊറ്റിയെടുക്കുന്ന പണം കൊണ്ട് സമ്പന്നരാകും. വൻ വ്യവസായങ്ങളിലും ഓഹരിയിലുമൊക്കെ ബിനാമി നിക്ഷേപം നടത്തി അന്വേഷണത്തെ പോലും വഴിമുട്ടിക്കും. ജാഗ്രത പാലിക്കുകയാണ് ഏക പോംവഴി.