വ്യാജ രേഖ ചമച്ച് കെഎസ്എഫ്ഇയില്‍ നിന്ന് 70 ലക്ഷം രൂപ തട്ടിയ കേസില്‍ പിടിയിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടിയെടുക്കാതെ നേതൃത്വം. കേസില്‍ യൂത്ത് കോണ്‍ഗ്രസ് കാസര്‍ഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി ഇസ്മയില്‍ ചിത്താരി റിമാന്‍ഡിലായിട്ട് അഞ്ച് ദിവസം പിന്നിട്ടു. ഇല്ലാത്ത ഭൂമിയുടെ ആധാരവും റവന്യു രേഖകളും ഹാജരാക്കിയയാണ് ഇസ്മയില്‍ തട്ടിപ്പ് നടത്തിയത്. കെഎസ്എഫ്ഇ മാലക്കല്‍ ശാഖയില്‍ വ്യാജ രേഖ ഹാജരാക്കി ഇസ്മയില്‍ വായ്പയെടുത്ത് തുടങ്ങിയത് 2019 മുതലാണ്. ഉപ്പളയിലെ അഞ്ച് ഏക്കര്‍ ഭൂമിയുടെ ആധാരം, വില്ലേജ് ഓഫീസറുടെ ഡിജിറ്റല്‍ സൈന്‍, പൊസഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ വ്യജമായി ചമച്ചാണ് പണം തട്ടിയത്. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ നടത്തിയ ഇന്റേണല്‍ ഓഡിറ്റിലാണ് വ്യാജ രേഖ ചമച്ചുള്ള തട്ടിപ്പിന്റെ വിവരങ്ങള്‍ ആദ്യം പുറത്തുവന്നത്. തുടര്‍ന്ന് രാജപുരം പൊലീസ് നടത്തിയ അന്വേഷണത്തില്‍ അത്തരമൊരു ഭൂമിയില്ലയെന്ന് തന്നെ കണ്ടെത്തി. തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ ഇസ്മയിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലും വ്യാജ രേഖ നല്‍കി ഇയാള്‍ വ്യായ്പയെടുത്തെന്നും പൊലീസ് കണ്ടെത്തി. എന്നാല്‍ ജില്ലാ ജനറല്‍ സെക്രട്ടറി നടത്തിയ തട്ടിപ്പില്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം മൗനം തുടരുകയാണ്. സംസ്ഥാന കമ്മറ്റിക്ക് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ കമ്മിറ്റി നല്‍കി. നടപടിയെടുക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നാണ് ജില്ലാ കമ്മറ്റിയുടെ വിശദീകരണം.
