Kerala News

വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി, വോട്ടിങ് വൈകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് വോട്ടിങ് ആരംഭിച്ചെങ്കിലും പലയിടങ്ങളിലും ഇപ്പോഴും വോട്ട് രേഖപ്പെടുത്തി തുടങ്ങിയിട്ടില്ല. സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി. ചിലയിടങ്ങളില്‍ വിവിപാറ്റ് മെഷീനും മറ്റിടങ്ങളിൽ വോട്ടിങ് യന്ത്രവുമാണ് തകരാറിലായത്. പകരം വോട്ടിങ് യന്ത്രങ്ങള്‍ എത്തിച്ച് പ്രശ്നം വേഗം പരിഹരിച്ച് വോട്ടെടുപ്പ് ആരംഭിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍.

ആലപ്പുഴ ലജനത്ത് സ്കൂളിലെ 9-ാം നമ്പർ ബൂത്തിൽ വോട്ടെടുപ്പ് വൈകി. പുറക്കാട് പഞ്ചായത്തിലെ 173 – നമ്പർ ബൂത്തിലും യന്ത്രത്തകരാർ. വോട്ടെടുപ്പ് ആരംഭിക്കാൻ ആയിട്ടില്ല. ബൂത്തിൽ വയോധികരടക്കം നീണ്ട ക്യൂവിലാണ്. കൊല്ലം ചവറ മണ്ഡലത്തിലെ അയ്യൻകോയിക്കൽ ബൂത്ത് 93 ലും വോട്ടിങ് യന്ത്രം പണിമുടക്കിയിട്ടുണ്ട്. ആറ്റിങ്ങൽ മണ്ഡലത്തിലെ 154-ാം ബൂത്തിൽ കൺട്രോൾ യൂണിറ്റാണ് തകരാറിലായത്.

പൊന്നാനി – കോട്ടക്കൽ ആമപ്പാറ എഎൽപി സ്കൂളിലെ 29-ാം നമ്പർ ബൂത്തിലും സ്ഥിതി സാമാനം. പെരുങ്കുഴി എൽപി സ്‌കൂളിലെ വോട്ടിങ് യന്ത്രമാണ് തകരാറിലായത്. കായംകുളം കൊയ്പള്ളി കാരാഴ്മ 82-ാം നമ്പർ ബൂത്തിലും യന്ത്ര തകരാർ. കണ്ണൂരിൽ ഇരിക്കൂറിൽ രണ്ടിടത്ത് വോട്ടിംഗ് മെഷീൻ തകരാറിലായി. ഇരിക്കൂർ മണ്ഡലത്തിലെ 21, 108 ബൂത്തുകളിലാണ് യന്ത്രം തകരാറിലായത്. വോട്ടിംഗ് താൽകാലികമായി നിർത്തിവെച്ചു. ആലക്കോട് രാമവർമ രാജ വിദ്യാനികേതൻ യുപി സ്കൂൾ അരങ്ങം, മടമ്പം മേരി ലാൻ്റ് ഹൈസ്കൂൾ എന്നിവിടങ്ങളിലും വോട്ടിംഗ് നിർത്തിവെച്ചു.

കോഴിക്കോട് യുഡിഎഫ് സ്ഥാനാർഥി എം കെ രാഘവൻ വോട്ട് ചെയ്യേണ്ട ബൂത്തിലും യന്ത്രതകരാർ രേഖപ്പെടുത്തിയിട്ടുണ്ട്. മാതൃ ബന്ധു വിദ്യാലയത്തിലാണ് യന്ത്രത്തകരാർ. ചാലക്കുടി മണ്ഡലത്തിലെ നടുവട്ടം സെന്റ് ആന്റണിസ് സ്കൂളിൽ 143-ാം നമ്പർ ബൂത്തിലാണ് തകരാർ. പുറക്കാട് പഞ്ചായത്തിലെ 173 – നമ്പർ ബുത്തിലും യന്ത്ര തകരാർ. ഇവിടെ ഇതുവരെ ആരംഭിച്ചിട്ടില്ല.

പൊന്നാനി – കോട്ടക്കൽ ആമപ്പാറ എഎൽപി സ്കൂളിലെ 29 -ാം ബൂത്തിലെ യന്ത്രതകരാർ പരിഹരിച്ചിട്ടുണ്ട്. എത്രയും വേഗം മറ്റു മണ്ഡലങ്ങളിലെ പ്രശ്നങ്ങൾ പരിഹരിച്ച് വോട്ടിംഗ് സുഗമമാകാനുള്ള പരിശ്രമത്തിലാണ് ഉദ്യോഗസ്ഥർ.

Related Posts

Leave a Reply