യൂത്ത് കോൺഗ്രസ് തെരെഞ്ഞെടുപ്പ് വ്യാജ തിരിച്ചറയൽ കാർഡ് വിവാദത്തിൽ പ്രതികരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ചയ് കൗൾ. സംഭവത്തിൽ യൂത്ത് കോൺഗ്രസിനോട് വിശദീകരണം തേടിയിട്ടുണ്ട്. സംഭവം അന്വേഷിക്കാൻ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നു ദിവസത്തിനകം വിശദീകരണം നൽകാൻ കോൺഗ്രസ് പാർട്ടിയോടും ആവശ്യപ്പെട്ടതായി സഞ്ചയ് കൗൺ പറഞ്ഞു.
വോട്ടർ ഐഡി കാർഡുകൾ വ്യാജമാണ്, ആ സീരീസിലുള്ള കാർഡുകൾ ഒന്നും ഇല്ല.
സമഗ്രമായ അന്വേഷണം വേണം.പഴയ ഐഡികൾ നിർത്തി, ഹോളോഗ്രാം മാർക്കോട് കൂടിയ പുതിയ വോട്ടർ ഐഡികൾ ഇറക്കണമെന്ന് ഇലക്ഷൻ കമ്മീഷന്റെ നിർദേശമുണ്ട്. അതിൻ്റെ വ്യാജൻ നിർമിക്കുക പ്രയാസകരമാണ്. ഇവിടെ ഉണ്ടാക്കിയിരിക്കുന്നത് പഴയ മാതൃകയിലെ വ്യാജ ഐഡികളാണ്. പൊതു തെരഞ്ഞെടുപ്പിൽ ഈ വ്യാജ കാർഡുകൾ ഉപയോഗിക്കാൻ സാധിക്കില്ല. കാരണം വോട്ടർ പട്ടികയിൽ ഈ പേരുകൾ ഉണ്ടാവില്ല. തുടർ നടപടികൾ അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് ശേഷം സ്വീകരിക്കുമെന്നും
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ വിവരം അറിയിച്ചുവെന്നും അദ്ദേഹം പ്രതികരിച്ചു.
വ്യാജ വോട്ടർ ഐഡി ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തിയെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസിനെതിരെ ബിജെപി പരാതി നൽകിയിരുന്നു. സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയെന്നും പാലക്കാട്ടെ ഒരു എംഎൽഎയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടത്തിയതെന്നും കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇക്കാര്യം അറിയാമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഇവർ ചെയ്തത് രാജ്യദ്രോഹക്കുറ്റമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു. പരാതി കിട്ടിയിട്ടും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ നടപടി എടുത്തില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെന്നും ബംഗലൂരു കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നിരിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞിരുന്നു.