Kerala News

വൈദ്യുതി വാങ്ങൽ കരാറിൽ കെഎസ്ഇബിയ്ക്ക് തിരിച്ചടി

വൈദ്യുതി വാങ്ങല്‍ കരാറില്‍ കെ.എസ്.ഇ.ബിക്കും സംസ്ഥാനത്തിനും തിരിച്ചടി. കുറഞ്ഞ ചെലവിലുള്ള ദീര്‍ഘകാല കരാറുകള്‍ പുന:സ്ഥാപിച്ചത് അപ്പലേറ്റ് ട്രിബ്യൂണല്‍ റദ്ദാക്കി. 465 മെഗാവാട്ടിന്റെ കരാറുകള്‍ പുന:സ്ഥാപിച്ച റെഗുലേറ്ററി കമ്മിഷന്റെ നടപടിയാണ് ട്രിബ്യൂണല്‍ റദ്ദാക്കിയത്.

കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ലംഘനമാണ് കരാര്‍ പുന:സ്ഥാപിക്കാനുള്ള തീരുമാനമെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പലേറ്റ് ട്രിബ്യൂണല്‍, റെഗുലേറ്ററി കമ്മിഷന്റെ തീരുമാനം റദ്ദാക്കിയത്. കമ്മിഷന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്നും ഉത്തരവില്‍ പറയുന്നു. സ്വകാര്യ കമ്പനികളുടെ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് പ്രതിസന്ധി മറികടക്കാന്‍ 465 മെഗവാട്ട് വൈദ്യുതി 4.29 പൈസ നിരക്കില്‍ 25 വര്‍ഷത്തേക്ക് വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കിയത്. കരാര്‍ അനുസരിച്ച് 2023 വരെ കമ്പനികള്‍ വെദ്യുതി നല്‍കുകയും ചെയ്തു. എന്നാല്‍ മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് കരാറുണ്ടാക്കിയതെന്ന് ചൂണ്ടിക്കാട്ടി വൈദ്യുതി റെഗലേറ്ററി കമ്മിഷന്‍ കരാര്‍ റദ്ദാക്കി. ഇതോടെ കേരളം അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങി.

തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് വൈദ്യുതി നിയമം സെക്ഷന്‍ 108 അനുസരിച്ച് കരാര്‍ പുന:സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇതനുസരിച്ചാണ് കമ്മിഷന്‍ കരാര്‍ പുന:സ്ഥാപിച്ചത്. എന്നാല്‍ ഇതിനിടെ രാജ്യത്തെ വൈദ്യുതി മേഖലയിലെ സാഹചര്യം മാറിയിരുന്നു. ഒരു യൂണിറ്റ് വൈദ്യുതിക്ക് ശരാശരി 12 രൂപ പൊതുവിപണിയില്‍ വിലയായി. ഇതോടെയാണ് കരാറില്‍ ഏര്‍പ്പെട്ട കമ്പനികള്‍ കമ്മിഷന്‍ തീരുമാനത്തിനെതിരായി അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചത്. കരാര്‍ റദ്ദാക്കിയതിലൂടെയുണ്ടാകുന്ന നഷ്ടം കാരണക്കാരില്‍ നിന്നും ഈടാക്കണമെന്ന് കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ ആവശ്യപ്പെട്ടു.

Related Posts

Leave a Reply