1200 മെഗാവാട്ട് വൈദ്യുതിക്കായുള്ള മൂന്ന് ടെണ്ടറുകൾ ഇന്നും അടുത്ത ദിവസങ്ങളിലുമായി തുറക്കും. മഴ കുറഞ്ഞതോടെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഈ 1200 മെഗാവാട്ട് വൈദ്യുതി കെ എസ് ഇ ബി ക്ക് കൂടിയേ തീരൂ.
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്കിടെ കെ എസ് ഇ ബി ക്ക് അടുത്ത നാല് ദിവസം നിർണായകം. 1200 മെഗാവാട്ട് വൈദ്യുതിക്കായുള്ള മൂന്ന് ടെണ്ടറുകൾ ഇന്നും അടുത്ത ദിവസങ്ങളിലുമായി തുറക്കും. മഴ കുറഞ്ഞതോടെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഈ 1200 മെഗാവാട്ട് വൈദ്യുതി കെ എസ് ഇ ബി ക്ക് കൂടിയേ തീരൂ.
മഴ കുറഞ്ഞതോടെ വൈദ്യുതി ഉത്പാദനവും ഉപഭോഗവും തമ്മിൽ വലിയ അന്തരമാണുള്ളത്. ഡാമുകളിൽ ആവശ്യത്തിന് വെള്ളമില്ലാത്തതിനാൽ ഉത്പാദനം കൂട്ടി പ്രതിസന്ധി പരിഹരിക്കാനുള്ള സാഹചര്യമില്ല. റദ്ദാക്കപ്പെട്ട ദീർഘകാല കരാറുകളിലൂടെ ഡിസംബർ വരെ വൈദ്യുതി വാങ്ങാൻ അനുമതി ഉണ്ടെങ്കിലും കമ്പനികൾ വൈദ്യുതി നൽകുന്നില്ല. ഇതോടെയാണ് പുതിയ കരാറുകൾ വഴി വൈദ്യുതി ഉറപ്പാക്കാൻ കെ എസ് ഇ ബി നീക്കം ആരംഭിച്ചത്. 5 വർഷത്തേക്ക് 500 മെഗാവാട്ട് വൈദ്യുതിക്ക് വേണ്ടിയുള്ള ടെണ്ടറാണ് ഇന്ന് തുറക്കുക. 200 മെഗാവാട്ടിന്റെ ഹ്രസ്വകാല ടെൻഡർ നാളെയും തുറക്കും. ഒരു മാസത്തേക്ക് 200 മെഗാവാട്ട് വൈദ്യുതിയാണ് വാങ്ങുന്നത്.
ഹ്രസ്വകാല കരാറിൽ ഓരോ ദിവസവും വാങ്ങുന്ന വൈദ്യുതിക്ക് 7 മുതൽ 14 ദിവസത്തിന് ശേഷം പണം നൽകിയാൽ മതി. വ്യാഴാഴ്ചയാണ് സ്വാപ്പ് വ്യവസ്ഥയിൽ 500 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിന്റെ ടെൻഡർ ഓപ്പണാവുക. പണത്തിന് പകരം, വാങ്ങുന്ന വൈദ്യുതി അടുത്ത വർഷം തിരിച്ച് നൽകാമെന്ന വ്യവസ്ഥയാണ് സ്വാപ്പ് കരാറിന്റെ സവിശേഷത. ടെണ്ടറുകള്‍ റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചാൽ മാത്രമേ കെഎസ്ഇബിക്ക് വൈദ്യുതി വാങ്ങാൻ ആവൂ. രാജ്യത്ത് ഊർജ ഉപഭോഗം ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ വൈദ്യുതി കമ്പനികൾ കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകാൻ സാധ്യത കുറവാണ്. കെഎസ്ഇബിക്ക് ഭീമമായ ബാധ്യത സൃഷ്ടിക്കുന്നതാണ് ടെണ്ടർ തുകയെങ്കിൽ വൈദ്യുതി വാങ്ങണോ വേണ്ടയോ എന്ന് സർക്കാർ തലത്തിൽ നയപരമായി തീരുമാനിക്കേണ്ടി വരും. നിലവിലെ സാഹചര്യത്തിൽ ആവശ്യത്തിന് മഴയോ ഈ 1200 മെഗാവാട്ട് വൈദ്യുതിയോ ലഭിക്കാതിരുന്നാൽ വൈദ്യുതി നിയന്ത്രണം മാത്രമാണ് ബോർഡിന് മുന്നിലുള്ള ഏക പോംവഴി.