മലപ്പുറം: കാളികാവില്‍ കാട്ടു പന്നിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീണയാള്‍ക്ക് പുതുജീവന്‍. വ്യാഴാഴ്ച ചോക്കാട് പഞ്ചായത്തിലെ പന്നി വേട്ടയ്ക്കിടയിലാണ് അപകടം. പെരിന്തല്‍മണ്ണ സ്വദേശി താമരത്ത് അയ്യപ്പനാണ് പന്നിക്കൊപ്പം കിണറ്റില്‍ വീണത്. നാട്ടിലിറങ്ങിയ പന്നികളെ ഗ്രാമപ്പഞ്ചായത്ത് അനുമതിയോടെ വെടിവെയ്ക്കുന്ന ദൗത്യത്തിനിടയിലാണ് സംഭവം നടന്നത്. കാട്ടില്‍ ഒളിഞ്ഞിരിക്കുന്ന പന്നികളെ പുറത്തു ചാടിക്കുന്ന തെളിക്കാരനാണ് അയ്യപ്പന്‍.
സംഭവം ഇങ്ങനെ: ‘ചോക്കാട് പഞ്ചായത്തിലെ മാളിയേക്കല്‍ മോരംപാടത്തെ കാവില്‍ വച്ചാണ് അയ്യപ്പന്‍ കൂറ്റന്‍ പന്നിയെ കണ്ടത്. പിടികൂടാന്‍ ശ്രമിക്കുമ്പോള്‍ പന്നി അയ്യപ്പന് നേരെ തിരിഞ്ഞ് ആക്രമിക്കാന്‍ തുനിഞ്ഞു. അക്രമത്തില്‍ നിന്ന് തെന്നി മാറിയ അയ്യപ്പന്‍ സമീപത്തുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. പിന്നാലെ പന്നിയും. കിണറ്റില്‍ വീണ അയ്യപ്പനെ പന്നി പല തവണ അക്രമിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അയ്യപ്പന്‍ ധൈര്യത്തോടെ പിടിച്ചുനിന്നു. പന്നി അടുത്തെത്തുമ്പോള്‍ മുങ്ങിയും താണുമാണ് അയ്യപ്പന്‍ രക്ഷപ്പെട്ടത്. കിണറ്റിന്‍ കരയില്‍ തോക്കുമായി വേട്ടക്കാര്‍ നിലയുറപ്പിച്ചെങ്കിലും വെടിവെക്കാന്‍ ഭയപ്പെട്ടു. വെടിവെപ്പുകാരനായ ദിലീപ് മേനോന്‍ രണ്ടും കല്‍പ്പിച്ച് പന്നിക്കു നേരെ ഉന്നം പിടിച്ചു. വെടി ഉതിര്‍ക്കുന്നതോടെ അയ്യപ്പനോട് വെള്ളത്തിന്റെ താഴ്ചയിലേക്ക് മുങ്ങാന്‍ ദിലീപ് നിര്‍ദേശിച്ചു. നിമിഷനേരം കൊണ്ട് പദ്ധതി വിജയിച്ചു. ഉന്നം പിഴയ്ക്കാത്ത വെടിയില്‍ പന്നി വീണു.’
ആദ്യം അയ്യപ്പനെയും ശേഷം വെടിയേറ്റ പന്നിയെയും കരയെത്തിച്ചു. കാലിന് നിസാര പരുക്ക് മാത്രമാണ് അയ്യപ്പന് പറ്റിയതെന്ന് അധികൃതര്‍ അറിയിച്ചു. ചോക്കാട് നിന്ന് ആറ് പന്നികളേയും കാളികാവില്‍ നിന്ന് അഞ്ച് പന്നികളേയും ഉള്‍പ്പെടെ 11 പന്നികളെയാണ് സംഘം വെടിവെച്ചിട്ടത്.